ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനവും ചിത്രസംയോജനവും ചെയ്ത ‘എസ് ദുര്‍ഗ്ഗ’ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ആവുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ടൈഗര്‍ പുരസ്കാരം അടക്കം പല അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പുരസ്കാരങ്ങള്‍ വാരികൂട്ടിയപ്പോഴും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ ഒരു സിനിമയ്ക്ക് നല്‍കിയിരുന്ന പ്രദര്‍ശനാനുമതി പിന്‍വലിച്ച അനുഭവം കൂടിയുണ്ട് എസ് ദുര്‍ഗ്ഗയ്ക്ക്. ഒടുവില്‍ ‘സെക്സി ദുര്‍ഗ്ഗ’ എന്ന പേര് ‘എസ് ദുര്‍ഗ്ഗ’യാക്കി മാറ്റിയ ശേഷം മാത്രമാണ് സനലിന്റെ മൂന്നാമത്തെ മുഴുനീള സിനിമയ്ക്ക് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്.
ആഖ്യാന ശൈലി കൊണ്ടും ഏറെ വേറിട്ട് നില്‍ക്കുന്ന ‘എസ് ദുര്‍ഗ്ഗ’ അവതരണത്തിലെ ‘സ്വാഭാവികത’ കൊണ്ടും ശ്രദ്ധേയമാകേണ്ട സിനിമയാണ്. കാളീ ആരാധനയുടെ ഭാഗമായ ഗരുഡന്‍ തൂക്കത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളിലാണ് തിരക്കഥയില്ലാത്ത സിനിമ ആരംഭിക്കുന്നത്. ദേവീ പ്രീതിക്കായ് സ്വയം വേദനിപ്പിച്ചുകൊണ്ടുള്ള ഉത്സവത്തില്‍ നിന്നും അതിന്റെ പുരുഷാരവത്തില്‍ നിന്നും പ്രതാപ് ജോസഫിന്റെ ക്യാമറ സഞ്ചരിക്കുന്നത് രാജശ്രീ ദേശ്പാണ്ഡേ അവതരിപ്പിച്ച ദുര്‍ഗ്ഗയുടേയും കണ്ണന്‍ നായര്‍ അവതരിപ്പിച്ച കബീറിന്റെയും യാത്രയിലേക്കാണ്.
രാത്രിയുടെ നിശബ്ദതയില്‍ ആളൊഴിഞ്ഞ റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഒളിച്ചോട്ടത്തില്‍ ഉത്തരേന്ത്യക്കാരിയായ ദുര്‍ഗ്ഗയേയും കബീറിനേയും കാറില്‍ കയറ്റി സഹായിക്കാനെത്തുന്ന ആയുധകടത്തുകാരായ സംഘത്തിന്റെ ക്രൂര വിനോദങ്ങളിലാണ് പിന്നീടുള്ള കഥ പുരോഗമിക്കുന്നത്. ഹിംസയും നര്‍മവും തമ്മിലുള്ള നേരിയ, വെളിച്ചമടഞ്ഞ പാതയിലൂടെ അവരുടെ യാത്ര പുരോഗമിക്കുകയായ്. പൗരുഷത്തിന്റെ ആ ആഘോഷം തിയേറ്ററില്‍ ചെലവിടേണ്ടി വരുന്ന എണ്‍പത്തിയഞ്ച് മിനുട്ടും നമ്മില്‍ ആന്തരികമായൊരു ഭയം നിലനിര്‍ത്തുന്നുണ്ട്.
മികച്ചൊരു കഥ എന്നതല്ല, ഒരു സിനിമയെ മികച്ചതാക്കുന്നത് അതിന്റെ ആവിഷ്കരണത്തിലെ സവിശേഷതകളാണ് എന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു സനലിന്റെ ‘ഒഴിവുദിവസത്തെ കളി.’ തിരകഥയില്ലാതെ സിനിമ എന്ന മാധ്യമത്തെ അതിന്റെത് മാത്രമായ ഭാഷയില്‍ അവതരിപ്പിക്കുക എന്ന ആ ശൈലി ‘എസ് ദുര്‍ഗ്ഗയില്‍’ എത്തുമ്പോഴേക്ക് കൂടുതല്‍ മെച്ചപ്പെട്ടു എന്ന് തന്നെ വേണം പറയാന്‍. സ്വാഭാവികതകളില്‍ മാത്രം ഊന്നിയാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും ചിത്രീകരിച്ചത് എന്ന് പറയുന്നിടത്തും അതിസൂക്ഷ്മമായ ചേരുവകളിലൂടെ അദൃശ്യമായൊരു ഹിംസയെ കാഴ്ചയ്ക്ക് വെക്കുക കൂടിയാണ് സംവിധായകന്‍ ചെയ്യുന്നത്. എടുത്തുപറയത്തക്കതായ സംഭാഷണങ്ങളൊന്നും ഇല്ലാതെയും ദുര്‍ഗ്ഗ എന്ന കഥാപാത്രത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളെ സിനിമയിലുടനീളം നിലനിര്‍ത്താന്‍ സംവിധായകനാകുന്നു. നായകന്‍ കബീറിന്റെ നിസ്സഹായതകളും ആശങ്കകളും അനായാസേന സംവേദിക്കുന്നു.
രണ്ട് ദുര്‍ഗ്ഗമാരെയാണ് സിനിമ കാണിക്കുന്നത്. ഒന്ന് കാളിയാണ്, രണ്ട് ദുര്‍ഗ്ഗ തന്നെയും. ആദ്യത്തേതില്‍ അവള്‍ ആരാദിക്കപ്പെടുകയാണ് എങ്കില്‍ രണ്ടാമതില്‍ ക്രൂശിക്കപ്പെടുകയാണ്. പുരുഷന്മാരില്‍ മാത്രം ഫോകസ് ചെയ്യപ്പെടുന്നതിനിടയിലെ ആദ്യ ദുര്‍ഗ്ഗയിലും ‘കാലവും കരയും മാറിയ’ രണ്ടാമത്തെ ദുര്‍ഗ്ഗയിലും ഹിംസ പുരുഷാത്മകമാണ്. രണ്ടാമത്തെ ദുര്‍ഗ്ഗയ്ക്ക് നേരിടേണ്ടി വരുന്ന ഹിംസയ്ക്ക് സാക്ഷിയാവുന്നതിനായ് കാറിലെ കാളീരൂപത്തെ കാണിക്കുന്ന രംഗം ഒഴിവാക്കാവുന്നതായ് അനുഭവപ്പെടുന്നു. സിനിമയിലെ എടുത്തുപറയേണ്ട ഒരു കല്ലുകടിയാണത്.
ആദ്യത്തെ ദുര്‍ഗ്ഗയ്ക്ക് പാരമ്പര്യ വാദ്യോപകരണങ്ങള്‍ അകമ്പടിയാകുമ്പോള്‍, രണ്ടാമത്തെ ദുര്‍ഗ്ഗയ്ക്ക് ‘ത്രാഷ് മെറ്റലി’ന്റെ വേഗതയും ചടുലതയുമാണ് താളമാകുന്നത്. ‘ഇരുള് തന്നെ വിതയ്ക്കുകയും ഇരുളുമാത്രം കൊയ്യുകയും ചെയ്യുന്ന നിറങ്ങള്‍ ഇല്ലാത്ത ഒരാകാശത്തിന്’ കീഴിലാണ് ദുര്‍ഗ്ഗ എന്ന് എഴുതുകയും സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ബേസില്‍ സിജെ മലയാള സിനിമാ സംഗീതത്തിന്റെ പാരമ്പര്യവാദത്തെ തകിടംമറിക്കുന്നുണ്ട്. സംഗീതത്തിന്റെ ആ ആശയത്തെ അതേ രീതിയില്‍ ആവിഷ്കരിച്ച ‘കെയോസ്’ അഭിനന്ദനമര്‍ഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ചതിലൊരു മെറ്റല്‍ ബാന്‍ഡായ ‘കെയോസി’ലൂടെ സ്വതന്ത്ര സംഗീതവും സ്വതന്ത്ര സിനിമയും ഒന്നിക്കുന്ന ഒരിടമാകുന്നു ‘എസ് ദുര്‍ഗ്ഗ.’
സിനിമയോളം നിഗൂഢത സൂക്ഷിക്കാവുന്ന കല മറ്റൊന്നില്ല എന്ന് കൂടി സനല്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഓരോ തവണയും ഇറങ്ങി പോകുന്ന ഹിംസയുടെ പുരുഷാരം ദുര്‍ഗ്ഗയേയും കബീറിനേയും തേടി വീണ്ടും എത്തുന്നത് അയഥാര്‍ത്ഥമായ ചില തിരിവുകളിലാണ്. സിനിമയുടനീളം തുടരുന്ന ഈ ആവര്‍ത്തനം ഒരു കുരുക്കായ് ഉത്തരമില്ലാതെ ഒടുങ്ങുന്നു. യാത്രയിലുടനീളം തുടരുന്ന വിജനതയും അപഹസിക്കപ്പെടുന്ന പൊയ്മുഖങ്ങളും സിനിമയ്ക്ക് ഒരു സര്‍റിയല്‍ സ്വഭാവം നല്‍കുന്നുണ്ട്.
ഉണ്ടായ വിവാദങ്ങളൊക്കെയും അനാവശ്യമെന്ന് പറയുന്നതോടൊപ്പം തന്നെ മലയാളത്തില്‍ എക്കാലത്തും എണ്ണപ്പെടെണ്ട സിനിമകളില്‍ ഒരു സൃഷ്ടിയായ് ‘എസ് ദുര്‍ഗ്ഗ’ അടയാളപ്പെടുത്തേണ്ടതുണ്ട്. വെള്ളിത്തിര വെളിച്ചം അണഞ്ഞുതീരുമ്പോഴും അതിന്റെ കനം ഓരോ പ്രേക്ഷകനിലും അവശേഷിക്കുക തന്നെ ചെയ്യും. വിജയിക്കുന്നത്തിനായുള്ള പതിവ് ചേരുവകള്‍ ഒന്നും ഇല്ലാതെയും മികച്ചൊരു തിയേറ്റര്‍ അനുഭവമാണ് ‘എസ് ദുര്‍ഗ്ഗ’ സമ്മാനിക്കുന്നത്.