ഗോവ : എസ് ദുര്‍ഗയെ ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ റദ്ദുചെയ്യുന്ന കേരളാ ഹൈക്കോടതി നടപടിയെ മറിക്കടന്ന ഫെസ്റ്റിവെലിനും മന്ത്രാലയത്തിനുമെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോവുമെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നേടിയ കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കുവാന്‍ മനപൂര്‍വ്വ ശ്രമമാണ് ഐഎഫ്എഫ്കെയുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് പറഞ്ഞ സനല്‍, അതിനുവേണ്ടി സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ നടപടി ‘പകപോക്കല്‍’ ആണ് എന്നും കൂട്ടിച്ചേര്‍ത്തു.
“കോടതി വിധി വന്നിട്ട് ഏതാനും ദിവസങ്ങളായിട്ടും ഫെസ്റ്റിവെല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഫെസ്റ്റിവെല്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് അവര്‍ ജ്യൂറിക്കായി ചിത്രത്തിന്റെ സ്ക്രീനിങ് സംഘടിപ്പിക്കുന്നത് തന്നെ. ഇത്തരത്തില്‍ നടപടികള്‍ ഏറെ വൈകിപ്പിച്ച ശേഷം ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ചുകൊണ്ട് ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് തന്നെ റദ്ദാക്കുകയായിരുന്നു. ഇത് പകപോകലാണ്, ജനാധിപത്യത്തെ വെല്ലുവിളിക്കലുമാണ്. ” സനല്‍കുമാര്‍ ശശിധരന് പറഞ്ഞു.
എസ് ദുര്‍ഗയെന്ന പേര് ചൂണ്ടിക്കാട്ടിക്കൊണ്ട് സിനിമയുടെ സര്‍ട്ടിഫിക്കറ്റ് തന്നെ റദ്ദുചെയ്തു നടപടി ഭരണഘടനാവിരുദ്ധമാണ് എന്നാണ് ചിത്രത്തിന്റെ നായകനായ കണ്ണന് നായര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനോട് പറഞ്ഞത്. ചിത്രത്തിന്റെ പേരെഴുതി കാണിക്കുന്നയിടത്ത് എസ്സിനു ശേഷം മൂന്ന് ഹാഷ്ടാഗ് (###) ഉപയോഗിച്ചു എന്നും അത് സിനിമറ്റോഗ്രാഫി ആക്ടിന്റെ ലംഘനം ആണ് എന്നും കാണിച്ചായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) റദ്ദുചെയ്യല്‍ നടപടി. എന്നാല്‍ സിനിമയുടെ സര്‍ട്ടിഫിക്കറ്റില്‍ വെറും ‘എസ് ദുര്‍ഗ’ എന്ന് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നും പോസ്റ്ററില്‍ ഉപയോഗിച്ച ‘ബാന്‍ഡ് എയ്ഡ്’ ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ബോര്‍ഡ് അത്തരത്തില്‍ ഒരു നടപടിക്ക് ഒരുങ്ങിയത് എന്നും കണ്ണന് നായര്‍ പറയുന്നു.
” സിനിമയിലെ അവസാന ഷോര്‍ട്ടില്‍ മാത്രമാണ് എസ് ദുര്‍ഗ എന്ന ടൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. അവിടെ എസ് എന്നെഴുതിയ ശേഷം അക്ഷരങ്ങള്‍ മായ്ച്ചു കളഞ്ഞ രീതിയിലും പിന്നെ ദുര്‍ഗ എന്നുമാണ് ഉള്ളത്.
അതെങ്ങനെയാണ് ഈ പറയുന്നത് പോലെ ആക്റ്റിന്റെ ലംഘനമാവുക എന്ന് മനസ്സിലാകുന്നില്ല” കണ്ണന് നായര്‍ പറഞ്ഞു.
‘സിബിഎഫ്സിയുടേത് പകപോക്കല്‍ നയം അല്ലായെങ്കില്‍ മറ്റെന്താണ്?’ എന്ന് ചോദിക്കുന്ന കണ്ണന് നായര്‍ ഐഎഫ്എഫ്ഐ ജ്യൂറി ഇത്തരത്തില്‍ എസ് ദുര്‍ഗയ്ക്കെതിരെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും വാദിക്കുന്നു. ” പതിമൂന്ന് പേരുള്ള ജ്യൂറിയില്‍ മൂന്നുപേര്‍ വിവാദങ്ങളെ തുടര്‍ന്ന് മുന്നേ രാജി വച്ചിരുന്നു. പിന്നീട് ഇന്നലെ മാത്രമാണ് അപ്രതീക്ഷിതമായി എസ് ദുര്‍ഗയെ തിരഞ്ഞെടുക്കുന്ന ജ്യൂറിയിലേക്ക് അവര്‍ മൂന്നുപേരെ നിയമിക്കുന്നത്.” ഇന്നലെ നിയമിതരായ മൂന്നുപേര്‍ ഒഴികെ പഴയ ജ്യൂറി അംഗങ്ങള്‍ മുഴുവനും തങ്ങളുടെ കൂടെയാണ് എന്ന് കണ്ണന് നായര്‍ അവകാശപ്പെടുന്നു.
തുടര്‍ നടപടികളുമായി കോടതിയെ സമീപിക്കാന്‍ തന്നെയാണ് എസ് ദുര്‍ഗയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ” കേന്ദ്ര വാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയം, ഐഎഫ്എഫ്ഐ, ഐഎഫ്എഫ്ഐ ഡയറക്ടര്‍ എന്നിവരടക്കം നേരത്തെ കേസില്‍ കക്ഷികളായിരുന്നു അഞ്ചുപേര്‍ക്കെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോവും. കോടതിയലക്ഷ്യം മാത്രമല്ല അര്‍ഹമായ നഷ്ടപരിഹാരവും ഞങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്.”കണ്ണന് നായര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച കേരള ഹൈക്കോടതി വിധിക്ക് പുറമേ തിങ്കളാഴ്ച ചിത്രം പ്രദര്‍ശിപ്പിക്കും ഇന്ത്യന്‍ പനോരമയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കും എന്നായിരുന്നു ജൂറി അംഗങ്ങള്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ജൂറി അംഗങ്ങൾ വീണ്ടും സിനിമ കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയെ അറിയിക്കുകയായിരുന്നു. മന്ത്രാലയം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പറയാമെന്നും ജൂറി ചെയർമാൻ രാഹുൽ റാവലിന്റെയും വിശദീകരണം വരികയുണ്ടായി. ഇന്ന് വൈകുന്നേരം വരെ ഐഎഫ്എഫ്ഐയുടെ അറിയിപ്പൊന്നും വരാത്തതിനെ തുടര്‍ന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരനും കണ്ണന് നായരും നിശബ്ദമായി പ്രതിഷേധിച്ചുകൊണ്ട് മുന്നോട്ടുവന്നിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ സെന്‍സര്‍ഷിപ്പ് റദ്ദുചെയ്തുകൊണ്ടുള്ള അറിയിപ്പ് വന്നത്.