ന്യൂഡൽഹി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം എസ് ദുര്‍ഗ ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍. പ്രദര്‍ശനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം.
കേന്ദ്രത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചലച്ചിത്രമേളില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയ സിനിമ, പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പ്രദര്‍ശിപ്പിക്കാനായിരുന്നു ഉത്തരവ്. ചിത്രം ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.
ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ‘സെക്‌സിദുര്‍ഗ’. നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്‌കാരമടക്കം ഒട്ടനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ വെല്ലുവിളികളാണ് ചിത്രത്തിനു നേരെ ഇന്ത്യയില്‍ ഉയര്‍ന്നത്. സെക്‌സി ദുര്‍ഗ എന്ന പേരുമാറ്റി എസ് ദുര്‍ഗയാക്കിയ ശേഷം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും. വിവാദങ്ങള്‍ എസ് ദുര്‍ഗയെ വിട്ടൊഴിയുന്നില്ല.