സണ്ണി ലിയോണിന്‍റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘കരണ്‍ജീത് കൗര്‍ -ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ്‌ സീരീസില്‍ തന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് റൈസ സൗജാനി എന്ന ഇംഗ്ലീഷ്-ഇന്ത്യന്‍ നടിയായിരിക്കും. സണ്ണി ലിയോണ്‍ തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഈ കാര്യം.

അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്‍റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗർ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരിസിലൂടെ അനാവൃതമാകുന്നത്.

സണ്ണി തന്നെ സ്വന്തം ജീവിതം അവതരിപ്പിക്കുന്നു എന്നതാണ് സീരിസിന്‍റെ സവിശേഷത. പരമ്പരയിലൂടെ തന്‍റെ ജീവിതത്തിലെ പല അനുഭവങ്ങളിലൂടേയും വീണ്ടും കടന്നു പോകേണ്ടി വന്നുവെന്നു സണ്ണി പറയുന്നു. സീരിസിനായി അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും താരം പറയുന്നു.

ചിത്രീകരണം ആരംഭിച്ചതോടെ താന്‍ വികാരഭരിതയായെന്നും ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പലതും വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആ അനുഭവങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോകേണ്ടി വരുമെന്നും സണ്ണി പറയുന്നു. അത്തരത്തിലൊരു രംഗത്തില്‍ താന്‍ പൊട്ടിക്കരഞ്ഞു പോയെന്നും താരം പറഞ്ഞു.

തന്‍റെ മുന്നില്‍ നിന്ന് കൊണ്ട് അച്ഛന്‍ പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്. ആ രംഗം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തന്‍റെ നിയന്ത്രണം നഷ്ടമായെന്നും പൊട്ടിക്കരഞ്ഞു പോയ തന്നെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറാണ് സമാധാനിപ്പിച്ചതെന്നും സണ്ണി പറയുന്നു. തന്‍റെ മാതാപിതാക്കള്‍ മരിച്ചു പോയതാണ്. അതുകൊണ്ട് വളരെയധികം വേദനയോടെയാണ് ആ രംഗം ചിത്രീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്നു മക്കളാണ് സണ്ണിയ്ക്കും ഡാനിയല്‍ വെബ്ബറിനും. മകള്‍ നിഷയെ  മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം സണ്ണി ലിയോണ്‍ ദത്തെടുത്തത്. ഇത്രയും പിന്നോക്കം കിടക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും കുട്ടിയെ ദത്തെടുത്ത സണ്ണിയുടെ നടപടിയെ ലോകം മുഴുവന്‍ പുകഴ്ത്തിയിരുന്നു. പിന്നീട് വാടക ഗര്‍ഭത്തിലൂടെ ദമ്പതികള്‍ രണ്ട് ആണ്‍കുട്ടികളെയും കൂടി സ്വന്തമാക്കി.

‘അവൾ സ്വന്തം കാര്യങ്ങള്‍ നോക്കുന്നു. ഒരുപരിധിവരെ അവളതു മനസ്സിലാക്കി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവള്‍ ഞങ്ങളെ തിരഞ്ഞെടുത്തത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളും ഈ തീരുമാനത്തില്‍ സന്തുഷ്ടരാണ്. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഞങ്ങളോടൊപ്പം ഈ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യുമായിരുന്നു’, സണ്ണി ലിയോണ്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook