ആമസോണ്‍ പ്രൈമിന്റെ ഏറ്റവും പുതിയ സീരിസായ ‘ദ ഫാമിലി മാന്‍’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആമസോണിന്റെ ഇന്ത്യന്‍ സീരിസുകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നായാണ് ‘ദ ഫാമിലി മാന്‍’ വിലയിരുത്തപ്പെടുന്നത്. എന്‍ഐഎയുടെ കീഴിലുള്ള ടാസ്‌കിലെ സീനിയര്‍ അനലിസ്റ്റായ ശ്രീകാന്ത് തിവാരി എന്ന ഏജന്റിന്റെ ജീവിതവും രഹസ്യ ജീവിതവുമാണ് ഫാമിലി മാന്‍ പറയുന്നത്. ചിത്രത്തില്‍ മലയാളി താരം നീരജ് മാധവുമുണ്ട്. സീരിസിലെ നീരജിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഏറെ പ്രാധാന്യമുള്ള വേഷമാണ് സീരിസില്‍ നീരജിന്റേത്.
ഭീകരാക്രമണത്തില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താനുള്ള ശ്രീകാന്തിന്റേയും സഹപ്രവര്‍ത്തകരുടേയും ശ്രമങ്ങള്‍ അവതരിപ്പിക്കുന്ന സീരിസില്‍ പല സമകാലിക വിഷയങ്ങളും കടന്നു വരുന്നുണ്ട്. ദ ഫാമിലി മാനെതിരെ രംഗത്തുവന്നിരിക്കുകയാണ് ആര്‍എസ്എസ്. വെബ്സീരിസിലെ ചില എപ്പിസോഡുകളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങളുണ്ടെന്നു ആര്‍എസ്എസ് മാസികയായ പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. കശ്മീര്‍, ഭീകരതാ വിഷയങ്ങള്‍ കടന്നു വരുന്ന എപ്പിസോഡുകളാണ് ആരോപണത്തിന് അടിസ്ഥാനം.
Read More: The Family Man: വഴിത്തിരിവ്: നീരജ് മാധവ് വെബ് സീരീസ് ലോകത്തേക്ക്, അഭിമുഖം
സീരീസിലെ എന്‍ഐഎ ഉദ്യോഗസ്ഥയായ കഥാപാത്രം, കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സ്റ്റേറ്റ് അടിച്ചമര്‍ത്തുകയാണെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ വ്യത്യാസമില്ലാതായെന്നും പറയുന്നതായി ലേഖനത്തിലുണ്ട്. കശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശ്രീകാന്തിന്റെ കഥാപാത്രത്തോട് എന്‍ഐഎ ഉദ്യോഗസ്ഥ അടിച്ചമര്‍ത്തലിനെക്കുറിച്ച് സംസാരിക്കുന്നത്.
രാജ്, ഡി.കെ എന്നിവര്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ഫാമിലി മാന്‍’ തീവ്രവാദം തെറ്റല്ലെന്നും തീവ്രവാദികളാകുന്നവരെ ന്യായീകരിക്കുന്നുവെന്നും ലേഖനത്തില്‍ വിമർശിക്കുന്നു. സീരിസിലെ വില്ലന്‍ കഥാപാത്രം താന്‍ എന്തുകൊണ്ട് ഭീകരവാദിയായി മാറിയെന്നതിനു പറയുന്ന കാരണമാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.
2002ലെ ഗുജറാത്ത് കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാവുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും തീവ്രവാദികളാകാത്തത് എന്തുകൊണ്ടാണെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.
തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്ന ഇത്തരം വെബ് സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിർമാതാക്കളാണെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി ‘ദേശവിരുദ്ധ’വും ‘ഹിന്ദുവിരുദ്ധ’വുമായ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും ലേഖനം ആരോപിക്കുന്നു.