കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരായ തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ആര്‍എസ് വിമല്‍. മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് ദിലീപ് സംഭാവന നല്‍കിയ മുപ്പത് ലക്ഷംരൂപ കാഞ്ചനമാല തിരികെ നല്‍ണമെന്ന തന്റെ പരാമര്‍ശം തെറ്റായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

‘ബലാത്സംഗക്കേസിലെ പ്രതി’ എന്നൊരു വാചകം താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് വിമല്‍ പറഞ്ഞു. “മാത്രമല്ല ഈ വാര്‍ത്ത വന്ന മാധ്യമത്തോട് ഞാന്‍ സംസാരിച്ചിട്ടുമില്ല. ഇങ്ങനെ വായില്‍ തോന്നുന്നത് എഴുതി വിടുമ്പോള്‍ ഒരല്‍പം ബോധത്തോടെ വേണം. ഞാനും കുറച്ചുകാലം മാധ്യമപ്രവര്‍ത്തനം ചെയ്തിരുന്നയാളാണ്. എന്തായാലും ഇത് എഴുതിയ ആള്‍ക്ക് എന്റെ വക ഒരു സ്ലേറ്റും പെന്‍സിലും’ എന്ന് പറഞ്ഞാണ് വിമല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രണയത്തിന്റെ സ്മാരകത്തിന് ബലാത്സംഗക്കേസ് പ്രതിയുടെ പണം ഉപയോഗിക്കരുതെന്ന് വിമല്‍ പറഞ്ഞതായാണ് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലയാളത്തിലെ പ്രണയനായകനായ ബി.പി മൊയ്തീന്റെ സ്മാരകം പണിയാനായി ദിലീപ് 30 ലക്ഷം രൂപ കാഞ്ചനമാലയ്ക്ക് നല്‍കിയിരുന്നു. ദിലീപിന് തിരികെ നല്‍കാനുള്ള പണം എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കാഞ്ചനമാലയ്ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം വിമലായിരുന്നു വെള്ളിത്തിരയില്‍ എത്തിച്ചത്. പൃഥിരാജും പാര്‍വതിയും നായികാ നായകന്‍മാരായ ചിത്രം മലയാളത്തിലെ എക്കാലത്തെയും പ്രണയകാവ്യമായിരുന്നു.

മൊയ്തീന്റെ പേരില്‍ കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബി.പി മൊയ്തീന്‍ സേവമന്ദിറിനാണ് ദിലീപ് സഹായം ചെയ്തത്. സേവാ മന്ദിറിന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ദിലീപ് ഡയറക്ടറായ കാഞ്ചനമാലയെ വിളിച്ച് സഹായം വാഗ്ദ്ധാനം ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ