ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു ശേഷം ഹോളിവുഡ് ക്രിട്ടിക്സ് അവാർഡിലും തിളങ്ങി ‘ആർആർആർ.’ മികച്ച അന്താരാഷ്ട്ര ചലച്ചിത്രം എന്ന വിഭാഗത്തിൽ ‘ആർആർആർ’ അവാർഡ് സ്വന്തമാക്കി. മികച്ച ആക്ഷൻ ചിത്രം എന്ന വിഭാഗത്തിൽ ടോം ക്രൂസിന്റെ ടോപ്പ് ഗൺ: മാവ്റിക്ക് എന്ന സിനിമയെ പിന്തള്ളിയാണ് ‘ആർആർആർ’ മുന്നേറിയത്. മികച്ച ഗാനം, മികച്ച സംഘടനം എന്നീ വിഭാഗങ്ങളിലും പുരസ്കാരം നേടി.
സിനിമയെ സ്നേഹിക്കുന്നവർക്ക് പുരസ്കാരം സമർപ്പിക്കുന്നു എന്നാണ് നന്ദി പ്രസംഗത്തിൽ രാജമൗലി പറഞ്ഞത്. “അന്താരാഷ്ട്ര ചിത്രങ്ങൾ നമുക്കും നിർമിക്കാനാകും എന്നതിന്റെ തെളിവാണിത്. എച്ച്സിഎയ്ക്ക് എന്റെ നന്ദി. എല്ലാവർക്കും ഒരുപാട് നന്ദി” രാജമൗലിയുടെ വാക്കുകളിങ്ങനെ.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച രാംചരണും വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തി. ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഇനിയും മികച്ച ചിത്രങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനമാണെന്നാണ് താരം പറഞ്ഞത്. “വേദിയിൽ വരണമെന്ന് ഞാൻ വിചാരിച്ചതല്ല. എന്റെ സംവിധായകനാണ് കൂടെ വരാൻ ആവശ്യപ്പെട്ടത്. ഞങ്ങൾക്കു നൽകുന്ന സ്നേഹത്തിനു നന്ദി” രാംചരൺ പറഞ്ഞു.
എസ് എസ് രാജമൗലി എന്ന സംവിധായകന്റെ വിജയവും, അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു ലഭിക്കുന്ന അംഗീകാരങ്ങളും ഈ മേഖലയിലേക്കെത്താൻ അനവധി ആളുകൾക്ക് പ്രേത്സാഹനമാണ്. ബാഹുബലി എന്ന ചിത്രം തന്നിലുണ്ടാക്കിയ മാറ്റം വളരെ വലുതാണെന്നാണ് സംവിധായകൻ മണി രത്നം രാജമൗലിയെ പ്രശംസിച്ചു കൊണ്ട് പറഞ്ഞത്.
95-ാമത് അക്കാദമി അവാർഡിൽ മികച്ച ഗാനം എന്ന വിഭാഗത്തിൽ ആർആർആർ ലെ നാട്ടു നാട്ടു എന്ന പാട്ട് മത്സരിക്കുന്നുണ്ട്. പുരസ്കാരം പ്രഖ്യാപിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകം.