ആർആർആർ ലെ വില്ലനും നോർത്തേൺ ഐറിഷ് നടനുമായ റേ സ്റ്റീവൻസണിന്റെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. സിനിമയുടെ ചിത്രീകരണത്തിനായി ഇറ്റലിയിൽ താമസിക്കവെയായിരുന്നു അന്ത്യം. പ്രിയസുഹൃത്തുക്കളും സഹപ്രവർത്തകരും താരത്തിനു സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലി അർപ്പിച്ചിരുന്നു. സ്റ്റീവൻസണിന്റെ പെട്ടെന്നുള്ള ഈ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് രാജമൗലി ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ പറഞ്ഞത്. സ്റ്റീവൻസണിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ച ആർആർആർ ടീം “നിങ്ങളെന്നും ഞങ്ങളുടെ ഹൃദയത്തിൽ തന്നെയുണ്ടാകു”മെന്നാണ് കുറിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമത്തുള്ളൊരു സ്റ്റണ്ട് രംഗത്തിന്റെ ചിത്രമാണ് ഇപ്പോൾ ആർആർആർ ടീം പങ്കുവച്ചത്. “ഈ ബുദ്ധിമുട്ടേറിയ രംഗം ചിത്രീകരിക്കുമ്പോൾ അദ്ദേഹത്തിന് വയസ്സ് 56. എന്നാൽ ഒരു പ്രശ്നവും അദ്ദേഹം പ്രകടിപ്പിച്ചില്ല. നിങ്ങൾ സെറ്റിലുണ്ടായിരുന്ന ഓരോ നിമിഷവും ഞങ്ങൾക്കു പ്രിയപ്പെട്ടതാണ്” എന്ന് ചിത്രം പങ്കുവച്ച് കുറിച്ചു.
“ഈ വാർത്ത എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഷൂട്ടിങ്ങ് സെറ്റിലേക്ക് ഒരുപാട് സന്തോഷവും ഊർജ്ജവും കൊണ്ടെത്തിച്ച നടനാണ് അദ്ദേഹം. അതു എല്ലാവരിലേക്കും പടർന്നുപിടിക്കുന്ന ഒന്നായിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാനായതിൽ ഒരു സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനായി ഞാൻ പ്രാർത്ഥിക്കും,” രാജമൗലി സഹപ്രവർത്തകന്റെ വേർപാടിൽ അനുശോചനം സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.
ഗവർവണർ സ്കോട്ട് ബക്സ്റ്റൺ എന്ന കഥാപാത്രമായാണ് സ്റ്റീവൻസൺ ചിത്രത്തിൽ വേഷമിട്ടത്. പണിഷർ വാർ സോൺ, കിങ് ആർത്തർ, തോർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ ചെയ്തു.