RRR Release: ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ആർആർആർ (രുദ്രം രണം രുധിരം) മാർച്ച് 25ന് റിലീസിനൊരുങ്ങുകയാണ്. കേരളത്തിലെ തിയേറ്ററുകളിലും ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ആർ ആർ ആർ പറയുന്നതെന്ത്?
1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ് ആർ ആർ ആർ. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
കൊമരം ഭീം
എൻ. ടി. രാമ റാവു ജൂനിയറാണ് ചിത്രത്തിൽ കൊമരം ഭീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അല്ലുരി സീതാരാമ രാജു
അല്ലൂരി സീതാരാമ രാജുവായാണ് ആർആർആറിൽ രാം ചരൺ എത്തുന്നത്.
അതിഥി വേഷത്തിൽ ആലിയയും അജയ് ദേവ്ഗണും
ആലിയ ഭട്ടാണ് ചിത്രത്തിലെ മറ്റൊരു പാൻ ഇന്ത്യൻ താരം. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ഒരു അതിഥിവേഷത്തിൽ അജയ് ദേവ്ഗണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സമുദ്രകനി, ശ്രിയ ശരൺ, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, രാഹുൽ രാമകൃഷ്ണൻ, സ്പന്ദൻ ചതുർവേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ആർ ആർ ആർ പത്തുഭാഷകളിൽ കാണാം
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിൽ ചിത്രം കാണാം.

അണിയറയിൽ
കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബൾഗേറിയ, ഉക്രെയ്ൻ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. എം എം കീരവാണിയാണ് ആർആർആറിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കെകെ ശെന്തിൽ കുമാർ സിനിമോട്ടോഗ്രാഫിയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത് ശ്രീനിവാസ് മോഹൻ ആണ്. 550 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണചെലവ് എന്നാണ് റിപ്പോർട്ടുകൾ.