രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൗലിയൊരുക്കിയ ‘ആർആർആർ’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ് ഫ്ളിക്സ്, സീ 5 എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ മേയ് 20 മുതൽ ആർആർആർ സ്ട്രീം ചെയ്തു തുടങ്ങും.
അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് 1920 കാലഘട്ടം പശ്ചാത്തലമായി വരുന്ന ചിത്രം പറഞ്ഞത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സമുദ്രകനി, ശ്രിയ ശരൺ, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, രാഹുൽ രാമകൃഷ്ണൻ, സ്പന്ദൻ ചതുർവേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം എം കീരവാണിയാണ് ആർആർആറിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കെകെ ശെന്തിൽ കുമാർ സിനിമോട്ടോഗ്രാഫിയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത് ശ്രീനിവാസ് മോഹൻ ആണ്.
മാർച്ച് 25ന് തിയേറ്ററുകളിലെത്തിയ ആർആർആർ 1000 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.