കോവിഡ് വ്യാപനം മൂലം എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ‘ആർആർആർ’ വൈകിയായിരിക്കാം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. എന്നാൽ ബാഹുബലിക്ക് ശേഷമെത്തുന്ന രാജമൗലി ചിത്രം മറ്റൊരു മികച്ച സിനിമാ അനുഭവം സമ്മാനിക്കും എന്നതിൽ പ്രേക്ഷകർക്ക് യാതൊരു സംശയവും ഉണ്ടാവില്ല. ഇപ്പോഴിതാ, ചിത്രത്തിലെ ഇടവേള രംഗം ഷൂട്ട് ചെയ്യാൻ ചെലവായ തുക വെളിപ്പെടുത്തുകയാണ് രാജമൗലി.
65 രാത്രികളിലായാണ് ‘ആർആർആറി’ന്റെ ഇടവേള സീക്വൻസ് ചിത്റരീകരിച്ചതെന്നും അതിനു പ്രതിദിനം ഏകദേശം 75 ലക്ഷം രൂപ ചെലവ്വന്നെന്നുമാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ‘ദി ക്വിന്റി’ന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ചിത്രത്തിന്റെ ആകെ ബജറ്റ് 400 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
“തിരക്കഥ എഴുതുമ്പോഴാണ് ഞാൻ ഏറ്റവും സന്തോഷവാനായിരിക്കുന്നത്. അവിടെ നിയന്ത്രണങ്ങളൊന്നുമില്ല. ഒഴുകിക്കൊണ്ടിരിക്കുന്ന എന്റെ ചിന്തകൾ മാത്രമാണ്. ഞാൻ കഥ വിവരിക്കുമ്പോൾ ഞാൻ വളരെ സന്തോഷവാനാണ് കാരണം എന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട് എനിക്ക് അഭിനേതാക്കളെ ആകർഷിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഞാൻ നല്ല കഥാകാരനാണ്, അതുകൊണ്ട് ആ സമയത്ത് വളരെ സന്തോഷവാനാണ്. ഷൂട്ടിങ്ങിൽ, വലിയ യൂണിറ്റുകൾ ഉള്ളപ്പോഴാണ് എനിക്ക് ഏറ്റവും ടെൻഷൻ ഉണ്ടാക്കുന്നത് , എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ, ഓരോ മിനിറ്റിലും ലക്ഷക്കണക്കിന് പണം നഷ്ടമാകും.” അദ്ദേഹം പറഞ്ഞു.
“വലിയ സീക്വൻസുകൾ ചിത്രീകരിക്കുമ്പോൾ കാര്യങ്ങൾ സുഗമമായി നടക്കുന്നില്ലെങ്കിൽ… ഉദാഹരണത്തിന്, ഞങ്ങൾ 65 രാത്രികളിലായാണ് [ആർആർആറിന്റെ] ഇടവേള സീക്വൻസ് ഷൂട്ട് ചെയ്തത്, കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു. ഒരു രാത്രി ഷൂട്ടിങ്ങിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ ഞാൻ ശരിക്കും പിരിമുറുക്കത്തിലാകുമായിരുന്നു, എനിക്ക് ശരിക്കും ദേഷ്യം വരും. ഞാൻ ശരിക്കും അസ്വസ്ഥനാകും. വളരെ ശാന്തനായ എന്റെ നിയന്ത്രണണം അപ്പോൾ നഷ്ടമാകും.” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഞാനെന്റെ പ്രേക്ഷകരെ വഞ്ചിക്കാൻ ആഗ്രഹിക്കുന്നില്ല, അവരിരുവരും അതിഥിവേഷത്തിലാണ്: രാജമൗലി
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ ആർആർആറിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രം ജനുവരി ഏഴിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.