scorecardresearch

RRR Movie Review & Rating: പവർപാക്ക് പ്രകടനവുമായി ജൂനിയർ എൻടിആറും രാംചരണും, വിസ്മയിപ്പിച്ച് രാജമൗലി; ആർആർആർ റിവ്യൂ

RRR Movie Review & Rating: തിയേറ്ററിന്റെ ആമ്പിയൻസിൽ ഒരാഘോഷം പോലെ കാണേണ്ട ചില ചിത്രങ്ങളുണ്ട്. ആർആർആർ അത്തരത്തിലൊന്നാണ്. നൂറുശതമാനവും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ചിത്രം

RatingRatingRatingRatingRating
SS Rajamouli, rrr movie

RRR Movie Review & Rating: രാജമൗലി എന്ന പേര് ഇന്ത്യൻ സിനിമയ്ക്ക് ഇന്നൊരു ബ്രാൻഡാണ്. ഒരുകാലത്ത് ഇന്ത്യൻ സിനിമ സ്വപ്നം കാണാൻ പോലും ഭയന്ന ബജറ്റിൽ, വലിയ കാൻവാസിൽ, കഥ പറഞ്ഞ് മിടുക്കുതെളിയിച്ച സംവിധായകൻ. അതുകൊണ്ടാണ് ബാഹുബലിയെന്ന ബ്രഹ്മാണ്ഡചിത്രത്തിനു ശേഷം ‘ആർആർആർ’ എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശം വാനോളം ഉയരുന്നതും. ആ ആവേശത്തിലേക്ക് ലഹരി പകർന്ന് തിയേറ്ററുകളെ ഉത്സവപറമ്പാക്കുകയാണ് ആർആർആർ അഥവാ രൗദ്രം രണം രുധിരം എന്ന ചിത്രം. രാജമൗലി എന്ന ബ്രാൻഡിലുള്ള സിനിമാപ്രേമികളുടെ വിശ്വാസവും പ്രതീക്ഷയും കാക്കുകയാണ് ആർആർആർ.

ചരിത്രത്തിലെ യഥാർത്ഥ കഥാപാത്രങ്ങളായ കൊമരം ഭീമിന്റെയും സീതാരാമ രാജുവിന്റെയും സാങ്കൽപ്പിക കഥാസന്ദർഭങ്ങ​ളിലേക്ക് പറിച്ചുനട്ടാണ് രാജമൗലി ആർആർആറിന്റെ കഥാപ്രപഞ്ചം ഒരുക്കിയത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലമാണ് കഥയുടെ പശ്ചാത്തലം. കുയിൽനാദം പോലുള്ള ശബ്ദം അനുഗ്രഹമായി കിട്ടിയ ഗോണ്ട് ഗോത്രത്തിലെ ഒരു പെൺകുട്ടിയെ ബ്രിട്ടീഷ് കുടുംബം പിടിച്ചുകൊണ്ടുപോവുന്നു. കാടിന്റെ ആ സംഗീതത്തെ അവർ കൊട്ടാരത്തിനകത്തിട്ട് പൂട്ടുന്നു. ആ കുട്ടിയെ രക്ഷിക്കാനെത്തുകയാണ് ഭീം (ജൂനിയർ എൻടിആർ). അതേ സമയം, എതിർചേരിയിൽ ഇന്ത്യക്കാരനാണെങ്കിലും ബ്രിട്ടീഷുകാരോട് ചായ്‌വുള്ള രാമരാജു എന്ന പൊലീസുദ്യോഗസ്ഥനായി രാംചരണുമുണ്ട്. ആളറിയാതെ ഭീമിനും രാമരാജുവിനും ഇടയിൽ ആഴമേറിയൊരു സൗഹൃദമുടലെടുക്കുന്നതും പിന്നീടുണ്ടാവുന്ന കുറേ നാടകീയമായ സംഭവങ്ങളുമാണ് ആർആർആർ പറയുന്നത്.

അഗ്നി- ജലം-മണ്ണ് എന്നീ ബിംബങ്ങളെ ചിത്രത്തിൽ അതിസമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട് രാജമൗലി. എന്തിനെയും ചുട്ടുചാമ്പലാക്കാൻ മാത്രം പ്രതികാരവാഞ്ച ഉള്ളിൽ സൂക്ഷിക്കുന്ന തീ പോലെ ജ്വലിക്കുന്ന രാമരാജു. ജലത്തിന്റെ നിർമലതയും ശാന്തതയുമുള്ള ഭീം, അതേസമയം ഒരു കടൽക്ഷോഭം തന്നെ ഉള്ളിൽ അടക്കിയിട്ടുണ്ട് അയാൾ. രാം ചരണിന്റെയും ജൂനിയർ എൻടി ആറിന്റെയും കരിയർ ബെസ്റ്റ് പ്രകടനമാണ് ആർആർആറിൽ കാണാനാവുക. ആക്ഷൻ സീനുകളിലും നൃത്തരംഗങ്ങളിലും ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ട്. എന്നാൽ പ്രകടനത്തിന്റെ കാര്യമെടുക്കുമ്പോൾ എൻടിആറിനേക്കാളും ഒരുപടി മുകളിൽ കഥാഗതിയിൽ പ്രാധാന്യം ലഭിക്കുന്നത് രാംചരണിനാണ്. സീത എന്ന കഥാപാത്രത്തിന് ആലിയ ഭട്ടിനെ പോലെ ഒരു താരത്തിന്റെ ആവശ്യകതയുണ്ടായിരുന്നോ എന്ന് സംശയമാണ്. അജയ് ദേവ്ഗൺ, സമുദ്രകനി, ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

വേഗതയും അപാരമായ ഊർജ്ജവും രാജമൗലിയുടെ നായകന്മാരുടെ പ്രത്യേകതയാണ്, ബാഹുബലിയും പൽവാർ ദേവനുമൊക്കെ അത്തരത്തിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ആർആർആറിൽ എത്തുമ്പോൾ ‘വേഗതയും ഊർജ്ജവും’ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. എൻടിആറിന്റെയും രാംചരണിന്റെയും ചടുലതയും പ്രസരിപ്പും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. ഇതിനകം തന്നെ ട്രെൻഡായി കഴിഞ്ഞ നാട്ടുകൂട്ടം ഡാൻസൊക്കെ തിയേറ്ററിലുണ്ടാക്കുന്ന ഓളം ചെറുതല്ല. ചിത്രത്തിന്റെ കൊറിയോഗ്രാഫിയും കയ്യടി അർഹിക്കുന്നുണ്ട്.

മൂന്ന് മണിക്കൂർ ആറ് മിനിറ്റോളം ദൈർഘ്യമുണ്ട് ചിത്രത്തിന്. ഈ ദൈർഘ്യവും കഥാഗതി പലയിടത്തും പ്രവചിക്കാനാവുമെന്നതും രണ്ടാം പകുതിയുടെ പതിയെ പോക്കുമാണ് ചിത്രത്തിന്റെ പോരായ്മയായി എടുത്തു പറയാവുന്ന ഘടകങ്ങൾ. കെ.വി.വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് സംവിധായകനായ രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ, തന്നിലെ തിരക്കഥാകൃത്തിനു സംഭവിച്ച നൂനതകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിയാൻ അനുവദിക്കാതെ, മേക്കിംഗ് മികവിലൂടെ, ഒരു കൺകെട്ട് അഭ്യാസിയുടെ കൗശലത്തേടെ അതിനെയെല്ലാം മറികടക്കുകയാണ് രാജമൗലി എന്ന സംവിധായകൻ.

എം.എം.കീരവാണിയുടെ സംഗീതമാണ് ആർആർആറിന്റെ നട്ടെല്ല്. കെ കെ സെന്തിൽ കുമാറിന്റെ ക്യാമറയും ഒരു ദൃശ്യപ്രപഞ്ചമൊരുക്കുകയാണ്. സാബു സിറിലിന്റെ ആർട്ട് വർക്കുകൾ സൃഷ്ടിക്കുന്ന ആമ്പിയൻസിനെ മാജിക്കൽ എന്നേ വിശേഷിപ്പിക്കാനാവൂ. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് ഈ പവർപാക്ക് എന്റർടെയിനർ ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഡിവിവി ധനയ്യയാണ് ഈ ബ്രഹ്മാണ്ഡചിത്രത്തിന്റെ നിർമാതാവ്.

മേക്കിംഗ്, സിനിമോട്ടോഗ്രാഫി, സംഗീതം, നടീനടന്മാരുടെ പവർപാക്ക് പെർഫോമൻസ് എന്നിവ കൊണ്ട് ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു മികച്ച എന്റർടെയിനറാണ് ആർ ആർ ആർ.

തിയേറ്ററിന്റെ ആമ്പിയൻസിൽ ഒരാഘോഷം പോലെ കാണേണ്ട ചില ചിത്രങ്ങളുണ്ട്. ആർആർആർ അത്തരത്തിലൊന്നാണ്. നൂറുശതമാനവും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ചിത്രം, ടെലിവിഷനോ ഒടിടിയ്ക്കോ ഒന്നും ആ വിഷ്വൽ ട്രീറ്റ് സമ്മാനിക്കാവില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rrr movie review rating