ആർആർആർ, പണിഷർ വാർ സോൺ, കിങ് ആർത്തർ, തോർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങൾ ചെയ്ത നടൻ റേ സ്റ്റീവൻസൺ ഞായറാഴ്ച്ച ഇറ്റലിയിൽ അന്തരിച്ചു. 58 വയസ്സായിരുന്നു. പ്രിയപ്പെട്ട നടന്റെ പെട്ടെന്നുള്ള വിടപറയലിനോട് പൊരുത്തപ്പെടാൻ സഹപ്രർത്തകർക്കും ആരാധകർക്കുമായിട്ടില്ല.
ഓസ്കർ ചിത്രം ‘ആർആർആർ’ ന്റെ സംവിധായകൻ എസ്എസ് രാജമൗലി സോഷ്യൽ മീഡിയയിലൂടെയാണ് ആദരാഞ്ജലി അറിയിച്ചത്. വളരെയധികം ഊർജ്ജമുള്ള വ്യക്തിയാണ് സ്റ്റീവൻസൺ എന്നാണ് ലൊക്കേഷനിൽ ഒപ്പമുള്ളപ്പോഴുള്ള ചിത്രം പങ്കുവച്ച് രാജമൗലി കുറിച്ചത്. ഗവർവണർ സ്കോട്ട് ബക്സ്റ്റൺ എന്ന കഥാപാത്രമായാണ് സ്റ്റീവൻസൺ ചിത്രത്തിൽ വേഷമിട്ടത്.
“ഈ വാർത്ത എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഷൂട്ടിങ്ങ് സെറ്റിലേക്ക് ഒരുപാട് സന്തോഷവും ഊർജ്ജവും കൊണ്ടെത്തിച്ച നടനാണ് അദ്ദേഹം. അതു എല്ലാവരിലേക്കും പടർന്നുപിടിക്കുന്ന ഒന്നായിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാനായതിൽ ഒരു സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനായി ഞാൻ പ്രാർത്ഥിക്കും,” രാജമൗലി കുറിച്ചു.
ആർആർആർ ന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും താരത്തിനു ആദരാഞ്ജലി അർപ്പിച്ചിരുന്നു. “ഞങ്ങളുടെ ടീമിലെ എല്ലാവരും ഈ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്.നിങ്ങളെന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും.”
സ്റ്റീവൻസണിന്റെ മരണകാരണം ഇതുവരെ വ്യക്തമല്ല. മാർവൽ ചിത്രങ്ങളിൽ സ്റ്റീവൻസനൊപ്പം പ്രവർത്തിച്ച ജെയിംസ് ഗണു ഓർമകുറിപ്പ് പങ്കുവച്ചിരുന്നു. “വളരെ പെട്ടെന്നാണ് റെ സ്റ്റീവൻസണിന്റെ ഈ മടക്കം. തോർ 2ന്റെ ഷൂട്ടിങ്ങിനിടയിലാണ് ഞങ്ങൾ പരിചയപ്പെട്ടത്. കുറച്ച് നിമിഷങ്ങൾ മാത്രമെ അദ്ദേഹത്തിനൊപ്പം ചെലവിടാൻ സാധിച്ചുള്ളൂയെങ്കിലും അതെല്ലാം ഞങ്ങൾ വളരെയധികം ആസ്വദിച്ചിരുന്നു.”
1242: ഗെയ്റ്റ് വേ ടു ദി വെസ്റ്റ്, കാസിനോ ഇൻ ഇസ്ചിയ എന്നിവയാണ് സ്റ്റീവൻസൺ അഭിനയിച്ചു കൊണ്ടിരുന്നു ചിത്രങ്ങൾ. ഷൂട്ടിങ്ങിനായി ഇറ്റലിയിലെത്തിയതായിരുന്നു താരം.