ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിൽ വരെ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ച ഗാനമായിരുന്നു സായ് പല്ലവിയും ധനുഷും ചേർന്ന് മനോഹരമാക്കിയ മാരി2 വിലെ ‘റൗഡി ബേബി’. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടിക. 10 കോടി കാഴ്ചക്കാരെ നേടി മുന്നേറി കൊണ്ടിരിക്കുമ്പോഴായിരുന്നു ‘റൗഡി ബേബി’ ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ ഇടം നേടിയത്. ജനുവരി രണ്ടിന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 26 കോടി ആളുകളാണ് കണ്ടിരിക്കുന്നത്.

വീഡിയോയുടെ മേക്കിങ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രഭുദേവയാണ് റൗഡി ബേബിയുടെ രസകരമായ നൃത്തചുവടുകള്‍ ഒരുക്കിയിരിക്കുന്നത്.
കൊറിയോഗ്രാഫറായ പ്രഭുദേവ, സായ് പല്ലവിയ്ക്കും ധനുഷിനും നൃത്തച്ചുവടുകൾ പഠിപ്പിക്കുന്ന വിഷ്വലുകളാണ് വീഡിയോയിൽ നിറയുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് റൗഡി ബേബിയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ധനുഷും ദിയയും ചേർന്നാണ് ഗാനം ആലപിച്ചത്.

റൗഡി ബേബി ഗാനത്തിനൊപ്പം തന്നെ മേക്കിംഗ് വീഡിയോയും ട്രെൻഡിംഗ് ആയി കൊണ്ടിരിക്കുകയാണ് യൂട്യൂബിൽ. വെള്ളിയാഴ്ച റിലീസ് ചെയ്ത വീഡിയോ ഒരു ദിവസം കൊണ്ട് 13 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒമ്പതാം സ്ഥാനത്താണ് ഈ മേക്കിങ് വീഡിയോ ഇപ്പോൾ.

ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആണ് ഗാനം ചിത്രീകരിച്ചത്. പത്തുവർഷങ്ങൾക്കു ശേഷം പ്രഭുദേവയ്ക്ക് ഒപ്പം എവിഎം സ്റ്റുഡിയോയിൽ ഒന്നിച്ചെത്താൻ കഴിഞ്ഞത് ഒരു നിയോഗമായിട്ടാണ് സായ് പല്ലവി കണ്ടത്. പത്തുവർഷങ്ങൾക്കു മുൻപ് ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്ന റിയാലിറ്റി ഷോയുടെ സെമി ഫൈനൽ മത്സരങ്ങൾക്കു വേണ്ടിയായിരുന്നു പതിനൊന്നാം ക്ലാസ്സുകാരിയായ സായ് പല്ലവി എവിഎം സ്റ്റുഡിയോയിൽ എത്തിയത്. അന്ന് റിയാലിറ്റി ഷോയിൽ പരാജയപ്പെട്ടു മടങ്ങിയ അതേ സായ് പല്ലവി, വർഷങ്ങൾക്കിപ്പുറം നായികയായെത്തിയപ്പോൾ പ്രഭുദേവ തന്നെ ആ ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫ് നിർവ്വഹിക്കുന്നു. “നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ ഓർക്കുക, നിങ്ങൾ നിങ്ങളുടെ മികച്ച പ്രകടനം നൽകിയിട്ടുണ്ടെങ്കിൽ, ജീവിതം കൂടുതൽ മെച്ചപ്പെട്ട ഒന്നിനാൽ നിങ്ങളെ അനുഗ്രഹിക്കും,” എന്നാണ് സ്വപ്നസദൃശ്യമായ ആ നിമിഷത്തെ സായ് പല്ലവി വിശേഷിപ്പിച്ചത്. പത്തു വർഷങ്ങൾക്കു ശേഷം എജിഎം സ്റ്റുഡിയോയിൽ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു സായിപല്ലവി തന്റെ സന്തോഷം പങ്കിട്ടത്.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ