‘മൈ സ്റ്റോറി’യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റോഷ്നി ദിനകർ വീണ്ടും സംവിധായകയാവുന്നു. ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ കൂടിയായ ഒമർ ലുലുവാണ്. ഒമറിന്റെ ആദ്യ നിർമ്മാണസംരംഭം കൂടിയാണ് ഇത്. ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ് എന്ന ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഓഗസ്ത് മാസത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്.
പുതുമുഖങ്ങള്‍ക്ക് അവസരം നല്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുക വിനോദ് പെരുമാളാണ്. സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവിയും എഡിറ്റിംഗ് ദിലീപ് ഡെന്നീസും നിർവ്വഹിക്കും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’, ‘ഒരു അടാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമർ ലുലു പുതുമുഖതാരങ്ങൾക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നിർമാണരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ ഏറെ വൈറലായ ‘ഒരു അഡാർ ലവ്വ്’ആണ് ഒമർ ലുലുവിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. ചിത്രത്തിലെ ഒറ്റ കണ്ണിറുക്കൽ സീനിലൂടെയാണ് നായികയായ പ്രിയവാര്യർ ഇന്റർനാഷണൽ ലെവലിൽ വരെ സെൻസേഷൻ താരമായത്. എന്നാൽ, പ്രമോഷൻ സോങ്ങും ട്രെയിലറും ഉണ്ടാക്കിയ ഓളം നിലനിർത്താൻ ‘ഒരു അഡാർ ലവ്വി’നു കഴിയാതെ പോയ കാഴ്ചയാണ് തിയേറ്ററിൽ കണ്ടത്. എന്നിരുന്നാലും ഏറെ പുതുമുഖതാരങ്ങളെ ചിത്രത്തിലൂടെ സമ്മാനിക്കാൻ ഒമർ ലുലുവിന് കഴിഞ്ഞു.
Read more: പ്രിയ വാര്യർക്കും ഒമറിനും ആശ്വാസമായി സുപ്രീംകോടതി വിധി; ‘മാണിക്യ മലരായ പൂവി’ക്കെതിരെ കേസ്സെടുക്കരുത്
പതിനാലു വർഷത്തോളം സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തതിനു ശേഷമാണ് റോഷ്നി സംവിധാനരംഗത്തിലേക്ക് വന്നത്. 2018ൽ പുറത്തിറങ്ങിയ ‘മൈ സ്റ്റോറി’യാണ് ആദ്യചിത്രം. പൃഥ്വിരാജും പാർവ്വതിയും പ്രധാന വേഷത്തിലെത്തിയ ചിത്രം 11 കോടി രൂപ മുതൽ മുടക്കിൽ രണ്ട് വർഷമെടുത്താണ് പൂർത്തിയായത്. എന്നാൽ നടി പാർവ്വതിയ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തിന് ‘മൈ സ്റ്റോറി’യും ഇരയാവുകയും ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം കൈവരിക്കാൻ കഴിയാതെ പോവുകും ചെയ്തിരുന്നു.

‘മൈ സ്റ്റോറിക്കെതിരെ’ ഒരുസംഘം സാമൂഹിക മാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ചൂണ്ടി കാണിച്ച് റോഷ്നി ദിനകർ തന്നെ രംഗത്തു വന്നിരുന്നു. നായിക പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും റോഷ്നി ആരോപിച്ചിരുന്നു. രോഷ്നിയും ഭർത്താവും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.