യുവ നടന്മാരിൽ അഭിനയം കൊണ്ടും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള വ്യത്യസ്തത കൊണ്ടും ശ്രദ്ധ നേടിയ താരമാണ് റോഷൻ മാത്യൂ. ഒരേ സമയം ബോളിവുഡിലും മലയാളത്തിലും ചിത്രങ്ങൾ ചെയ്യുന്ന താരം കൂടിയാണ് റോഷൻ. ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ റോഷൻ അഞ്ജലി മേനോന്റെ സംവിധാനത്തിൽ ‘കൂടെ’യിലൂടെയാണ് പ്രിയങ്കരനായി മാറിയത്. ‘ചോക്ക്‌ഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ റോഷൻ, ആലിയ ഭട്ട് ചിത്രം ഡാർലിങ്ങ്സിലൂടെ ഹിന്ദി സിനിമാലോകത്തും ശ്രദ്ധേനായി.
ജാൻവി കപൂറിനൊപ്പമാണ് റോഷന്റെ അടുത്ത ബോളിവുഡ് ചിത്രം. സുധാൻഷു സാരിയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഉൽജ’ യിലായിരിക്കും റോഷനെത്തുക. സഹതാരങ്ങൾക്കൊപ്പം റോഷൻ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിൽ ഐഎഫ്എസ് ഉദ്യോഗസ്ഥയായിട്ടായിരിക്കും ജാൻവി വേഷമിടുക. മെയ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ജംഗ്ലീ പിക്ക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ഗുൽഷൻ ദേവയ്യും പ്രധാന വേഷത്തിലെത്തുന്നു.
-
റോഷൻ മാത്യൂ/ ഇൻസ്റ്റഗ്രാം
-
റോഷൻ മാത്യൂ/ ഇൻസ്റ്റഗ്രാം
ചിത്രത്തിന്റെ അനൗൺസ്മെന്റ് ഫൊട്ടൊസ് റോഷൻ തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്. റിമ കല്ലിങ്കൽ, നൈല ഉഷ, വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ എന്നിവർ ചിത്രങ്ങൾക്കു താഴെ അഭിനന്ദനം അറിയിക്കുന്നുണ്ട്.
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നീലവെളിച്ചം’ ആണ് റോഷൻ അവസാനമായി അഭിനയിച്ച ചിത്രം. 1964 ൽ പുറത്തിറങ്ങിയ ‘ഭാർഗ്ഗവീ നിലയ’ത്തിന്റെ റീമേക്കായി തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. റീമ കല്ലിങ്കൽ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്.