മകൾ അയാത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടൻ റോഷൻ ബഷീർ. കഴിഞ്ഞ മാർച്ചിലാണ് റോഷനും ഫർസാനയ്ക്കും മകൾ പിറന്നത്.
“അവൾ അത് ചെയ്തിരിക്കുന്നു! സൂര്യനെ ചുറ്റിപ്പറ്റിയുള്ള ഒരു മുഴുവൻ യാത്ര പൂർത്തിയാക്കിയിരിക്കുന്നു. ജന്മദിനാശംസകൾ സുന്ദരി. ജീവിതം വളരെ മനോഹരമാക്കിയതിന് നിനക്കും നിന്റെ അമ്മയ്ക്കും നന്ദി,” മകൾക്ക് ജന്മദിനാശംസകൾ നേർന്ന് റോഷൻ കുറിച്ചു.
2020 ഓഗസ്റ്റിലായിരുന്നു റോഷന്റെയും ഫർസാനയുടെയും വിവാഹം. എൽ എൽബി ബിരുദധാരിയാണ് ഫർസാന. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടി കൂടിയാണ് ഫർസാന.
റോഷൻ ബഷീർ എന്ന പേരിനേക്കാളും മലയാളികൾക്ക് പരിചയം വരുൺ പ്രഭാകറിനെയാണ്. ദൃശ്യം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അത്രയേറെ ജനശ്രദ്ധയാണ് റോഷൻ നേടിയത്. നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. ഉപ്പയുടെ പാതയിൽ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.

ബാങ്കിംഗ് ഹവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ എന്നീ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു. എന്നാൽ ‘ദൃശ്യ’ത്തിലെ വരുൺ എന്ന കഥാപാത്രമാണ് റോഷനെ ശ്രദ്ധേയനാക്കിയത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പവും റോഷൻ അഭിനയിച്ചിരുന്നു. തുടർന്ന് തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിലും റോഷൻ അഭിനയിച്ചു. ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് ‘ ആണ് ഒടുവിൽ റിലീസ് ചെയ്ത റോഷൻ ചിത്രം.