2022ൽ ഏറ്റവും കൂടുതൽ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘റോഷാക്ക്’. ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയാണ് ‘റോഷാക്ക്’ വിതരണത്തിനെത്തിച്ചത്. ചിത്രത്തിന്റെ ആഘോഷത്തിനു എല്ലാവർക്കും സ്നേഹസമ്മാനം നൽകിയതും ദുൽഖറാണ്. മമ്മൂട്ടിക്കും ആദരവ് നൽകിയത് ദുൽഖറായിരുന്നു. ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി പുരസ്കാരം സ്വീകരിച്ചപ്പോൾ അതു നൽകാനായി ദുൽഖറിനൊപ്പം ഭാര്യ അമാലുമുണ്ടായിരുന്നു. ആ നിമിഷത്തെ വലിയ ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.
ചിത്രത്തിൽ കണ്ണുകൾ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിക്ക് ഒരു പ്രത്യേക സമ്മാനവും മമ്മൂട്ടി നൽകിയിരുന്നു. റോളക്സ് വാച്ച് ആസിഫിനു നൽകുന്ന മമ്മൂട്ടിയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ‘നിങ്ങളെ പോലെ മാറ്റാരുമില്ല മമ്മൂക്ക’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ആസിഫ് കുറിച്ചത്.
ചിത്രത്തിലെ ആസിഫിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ മുഖംമൂടി ധരിച്ചാണ് ആസിഫ് അഭിനയിച്ചത്. സിനിമയിലുടനീളം ആ കഥാപാത്രത്തിന്റെ മുഖം കാണിക്കാതിരുന്നത് അനീതിയല്ലേ എന്ന ചോദ്യത്തിനു മുൻപ് മമ്മൂട്ടി നൽകിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു.
സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ റോഷാക്ക്’. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തില്‍ ബിന്ദുപണിക്കർ, ജഗദീഷ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 7നാണ് ചിത്രം റിലീസിനെത്തിയത്.