ഡേറ്റ് തരാത്തതിന്റെ ദേഷ്യത്തിലാണ് താന്‍ നിവിന്‍ പോളി ചിത്രം റിച്ചിയെ വിമര്‍ശിച്ചത് എന്ന ആരോപണത്തിന് മറുപടിയുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന് രംഗത്ത്. ഡേറ്റ് തരാത്തതിന് ദേഷ്യം തോന്നണമെങ്കില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നേണ്ടത് വിനീത് ശ്രീനിവാസനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്മാനോടുമാണെന്നും രൂപേഷ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനു നല്കിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ വിശദീകരണം.
‘വിനീത് ശ്രീനിവാസനോട് ഞാനൊരു കഥ പറഞ്ഞു. പുള്ളിക്കത് ഇഷ്ടമായി. തിരക്കഥയാക്കി കൊണ്ടുവരാന്‍ പറഞ്ഞു. തിരക്കഥ വായിച്ചപ്പോള്‍ വിനീതിന് ഇഷ്ടമായില്ല. അതിനാല്‍ സിനിമ ചെയ്യുന്നില്ലെന്നു തുറന്നു പറഞ്ഞു. ഞാനത് ബഹുമാനിക്കുന്നു. ഞങ്ങളിപ്പോഴും സുഹൃത്തുക്കളാണ്. ടൊവിനോയെ സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. അദ്ദേഹത്തോട് ഒരു തിരക്കഥ പറഞ്ഞപ്പോള്‍ അതില്‍ പുള്ളിക്ക് താത്പര്യം ഉള്ള ഒന്നുമില്ലെന്നു പറഞ്ഞു. അതിനേയും ഞാന്‍ ബഹുമാനിക്കുന്നു. പിന്നീട് ദുല്‍ഖറിനോട് ഒരു തിരക്കഥ പറഞ്ഞു. താന്‍ ഇത്തരത്തില്‍ ഒരുപാടെണ്ണം ചെയ്തതുകൊണ്ട് പുതിയതെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരാന്‍ ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ നിവിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായി. തിരക്കഥയെഴുതി കൊണ്ടുവരാന്‍ പറഞ്ഞു. പക്ഷെ എഴുതിത്തുടങ്ങിയപ്പോള്‍ എനിക്കത് ഇഷ്ടമായില്ല. അതുകൊണ്ട് ഞാനാണത് വേണ്ടെന്നു വച്ചത്. നിവിന്‍ ഒന്നും ചെയ്തിട്ടില്ല.’ രൂപേഷ് വ്യക്തമാക്കി.
ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്ത നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം റിച്ചിയെ വിമര്‍ശിച്ചുകൊണ്ട് രൂപേഷ് പീതാംബരന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ‘ഉലിദവരു കണ്ടതേ’ എന്ന കന്നഡ ചിത്രത്തിന്റെ റിമേയ്ക്കായിരുന്നു ഈ ചിത്രം.
രക്ഷിത് ഷെട്ടിയോട് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് കുറിച്ചിരുന്നു. താന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം. നടന്, സംവിധായകന്, എഴുത്തുകാരന് എന്നീ നിലകളില്‍ താന്‍ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ‘ഉളിദവരു കണ്ടന്തേ’ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ. ഇതായിരുന്നു രൂപേഷിന്റെ പോസ്റ്റ്.
ഈ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും നിവിന്‍ പോളിയുടെ ആരാധകര്‍ രൂപേഷിനെതിരെ തിരിയുകയും ചെയ്തിരുന്നു.