2023ലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ മുന്നേറുകയാണ് ‘രോമാഞ്ചം.’ ഏകദേശം മൂന്നു കോടി ബജറ്റിൽ നിർമിച്ച ചിത്രം 23 ദിവസം കൊണ്ട് നേടിയത് 50 കോടി രൂപയാണ്. ചിത്രത്തിൽ പുതുമുഖങ്ങളാണ് അധികവും പ്രധാന വേഷത്തിലെത്തിയത്. രോമാഞ്ചത്തിലെ ഗാനവും തമാശകളും ആക്ഷനുമെല്ലാം സോഷ്യൽ മീഡിയ ട്രെൻഡിങ്ങാണ്. അതുപൊലെ മറ്റൊരു ട്രെൻഡിനു കൂടി വഴിയൊരുക്കുകയാണ് രോമാഞ്ചം ടീം.
ചിത്രത്തിൽ മുകേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിജു സണ്ണിയാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂട്ടുക്കാരന്റെ വിവാഹത്തിനു ക്ലോസറ്റ് സമ്മാനമായി നൽകുന്ന സുഹൃത്തുക്കളാണ് രോമാഞ്ചത്തിലേത്. സിനിമയിലെ കൈയ്യടി നേടിയ രംഗം ജീവിതത്തിലും പിന്തുടർന്നിരിക്കുകയാണ് താരങ്ങൾ.
സഹപ്രവർത്തകന്റെ വിവാഹത്തിനു ക്ലോസറ്റ് സമ്മാനമായി നൽകുന്ന രോമാഞ്ചം ടീമിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം പോലെ തന്നെ ചിരിയുണർത്തുന്ന ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതായിരിക്കും ഇനി ട്രെൻഡ് എന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റ്.
ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രോമാഞ്ചം.’ ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് നിർമാണം. സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.