Romancham OTT: സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് ‘രോമാഞ്ചം’. ഹൊറർ- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളിൽ തീർത്ത ചിരിമേളം ചെറുതല്ല. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഏകദേശം മൂന്നു കോടി ബജറ്റിൽ നിർമിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. എലോൺ, ക്രിസ്റ്റഫർ തുടങ്ങിയ സൂപ്പർസ്റ്റാർ പടങ്ങളേക്കാളും കളക്ഷൻ ഇതിനകം തന്നെ രോമാഞ്ചം നേടികഴിഞ്ഞു.
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ബാച്ച്മേറ്റ്സ് ആയി കഴിയുന്ന ഒരു പറ്റം വിദ്യാർത്ഥികൾ ഓജോ ബോർഡ് കളിക്കുകയും തുടർന്ന് അവർക്കുണ്ടാവുന്ന ചില അസാധാരണമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.