സമീപകാലത്ത് തിയേറ്ററിൽ വൻ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് രോമാഞ്ചം. ഹൊറർ- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളിൽ തീർത്ത ചിരിമേളം ചെറുതല്ല. ഏകദേശം മൂന്നു കോടി ബജറ്റിൽ നിർമിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും 62 കോടി രൂപയോളം കളക്റ്റ് ചെയ്തിരുന്നു.
ചിത്രം ജനപ്രീതി നേടിയതിനൊപ്പം, ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങളിലെത്തിയ അഭിനേതാക്കളും പ്രേക്ഷകരുടെ ശ്രദ്ധ കവർന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ദീപിക ദാസും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. ചിത്രം തുടങ്ങുന്നതു തന്നെ ദീപികയും സൗബിനും ഒന്നിച്ചുള്ള ആശുപത്രി സീനിൽ നിന്നാണ്. സൗബിനെ നോക്കുന്ന നഴ്സിന്റെ വേഷത്തിലാണ് ദീപിക ചിത്രത്തിൽ അഭിനയിച്ചത്.
ചിത്രത്തിൽ ജൂനിയർ ഡോക്ടറായി എത്തിയ ആളെ പരിചയപ്പെടുത്തുകയാണ് ദീപിക ഇപ്പോൾ. ദീപികയുടെ ഭർത്താവും അധ്യാപകനുമായ ശ്രീനാഥ് ആയിരുന്നു ആ ജൂനിയർ ഡോക്ടർ. ആദ്യ സിനിമയിൽ ഭർത്താവിനൊപ്പം തന്നെ സ്ക്രീനിലെത്തിയ സന്തോഷത്തിലാണ് ദീപിക.
തളത്തിൽ ദിനേശൻ മീഡിയയുടെ ഷോർട്ട് ഫിലിമുകളിലൂടെയാണ് ദീപിക ആദ്യം ശ്രദ്ധ നേടുന്നത്. പ്രാദേശിക ന്യൂസ് ചാനലുകളിൽ അവതാരകയായും ദീപിക ജോലി ചെയ്തിട്ടുണ്ട്.