ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ ആയിരുന്ന നമ്പിനാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന റോക്കറ്റ്‌റി: ദി നമ്പി ഇഫക്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ നമ്പി നാരായണന്റെ വേഷത്തിലെത്തുന്നത് മാധവനാണ്. അദ്ദേഹം തന്നെയാണ് സംവിധായകനും. ‘എല്ലാവരുടേയും അനുഗ്രഹം വേണം’ എന്ന കുറിപ്പോടെ മാധവന്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തേ മാധവനും ആനന്ദ് മഹാദേവനും ചേര്‍ന്ന് സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും, മറ്റു ചില തിരക്കുകള്‍ കാരണം ആനന്ദ് മഹാദേവന്‍ പിന്മാറുകയായിരുന്നു. ക്യാപ്റ്റന്‍ എന്ന ജയസൂര്യ ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച പ്രജേഷ് സെന്‍ പുതിയ ചിത്രത്തില്‍ മാധവനൊപ്പം കോ-ഡയറക്ടറാകും.

 

View this post on Instagram

 

Need all you BLESSINGS ..

A post shared by R. Madhavan (@actormaddy) on

‘വളരെ കഴിവുള്ള സംവിധായകനാണ് ആനന്ദ് മഹാദേവന്‍. ചില ഒഴിവാക്കാനാകാത്ത തിരക്കുകളും സാഹചര്യങ്ങളും മൂലം അദ്ദേഹത്തിന് ഈ പ്രൊജക്ടില്‍ നിന്നും പിന്മാറേണ്ടി വന്നു. ഈ ചിത്രം എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒന്നാണ്. ചിത്രം നല്ല രീതിയില്‍ തന്നെ ഒരുങ്ങുന്നുണ്ട്. നമ്പി നാരായണന്റെ കഥ ലോകത്തോട് പറയാന്‍ എനിക്ക് തിരക്കായി,’ മാധവന്റെ വാക്കുകള്‍.

നമ്പി നാരായണന്റെ 27 വയസ് മുതല്‍ 70 വയസു വരെയുള്ള ജീവിതമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലില്‍ കഴിഞ്ഞ നാളുകളിലേക്കും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതെന്ന് മാധവന്‍ വ്യക്തമാക്കിയിരുന്നു. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇന്‍ഡസ്ട്രിയിലെയും മുന്‍നിരതാരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ നായികയില്ല.

Read More: എങ്ങനെയിരിക്കും എന്നറിയില്ല: നമ്പി നാരായണന്‍ ആവാന്‍ ചുട്ടി കുത്തി മാധവന്‍

നിലവില്‍ മാധവനൊപ്പം ചിത്രത്തിന്റെ സംവിധാനത്തില്‍ പങ്കാളിയാകുന്ന പ്രജേഷ് സെന്‍ നേരത്തേ ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന പുസ്തകത്തെ ആധാരമാക്കി ‘നമ്പി ദ സയന്റിസ്റ്റ്’ എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. നമ്പി നാരായണന്റെ ജീവ ചരിത്രമായ ഈ പുസ്തകം എഴുതിയതും പ്രജേഷ് സെന്‍ തന്നെയായിരുന്നു.

ചാരക്കേസില്‍ നമ്പി നാരായണന്‍ പ്രതിയായത് 1994 നവംബര്‍ 30നായിരുന്നു. നീണ്ട 24 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും സുപ്രീംകോടതി ഈയടുത്ത് വിധി പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook