ഡ്വൈന്‍ ജോണ്സണ് എന്ന റോക്കിനെ റെസ്ലിങ് റിങ്ങുകളില്‍ കണ്ടാണ് നമ്മള് വളര്‍ന്നത്. പിന്നീട് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പോലെയുളള ഹോളിവുഡ് ചിത്രങ്ങളിലൂടെയും അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. അഭിനയം കൊണ്ടും കായികശേഷി കൊണ്ടും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തിയെങ്കിലും ഡ്വൈനിന് കുടുംബത്തോടുളള സ്നേഹവും ആരാധനയോടെ മാത്രമേ കാണാന്‍ കഴിയൂ.
കഴിഞ്ഞ ദിവസം തന്റെ പിതാവിനായി ആഡംബര കാറായ കാഡിലാക്ക് ആണ് അദ്ദേഹം സമ്മാനിച്ചത്. 45കാരനായ അദ്ദേഹം 73കാരനായ റോക്കി ജോണ്സണ് കാഡിലാക്ക് എസ്കലേഡ് എസ്യുവി നല്‍കിയതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ ഗുസ്തി താരമായ പിതാവിനോട് ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ഡ്വൈന്‍ കാര്‍ വാങ്ങി നല്‍കിയത്. അരക്കെട്ടിന് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് വലുപ്പമേറിയ കാറില്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
‘അരക്കെട്ടില്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ അച്ഛന് എന്നെ വിളിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വലിയ കാറില്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഫോണ്‍ കട്ട് ചെയ്തതിന് പിന്നാലെ പൊട്ടിച്ചിരിച്ചു. കാരണം അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. ഉടന്‍ തന്നെ ഞാന്‍ പോയി അദ്ദേഹത്തിന് വേണ്ടത് വാങ്ങി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഈ ചിത്രവും എടുത്തു’, ഇതായിരുന്നു ഡ്വൈന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഈയടുത്ത് റോക്ക് തന്റെ അമ്മയായ അറ്റ ജോണ്‍സണും കാഡിലാക്ക് കാര്‍ സമ്മാനിച്ചിരുന്നു. കൂടാതെ മറ്റ് കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം ആഡംബര കാറുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. അമ്മാവനായ തോംഗ ഫിഫ്തയ്ക്കും റോക്ക് കാര്‍ സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹവും മുന്‍ ഗുസ്തി താരമായിരുന്നു.
ലോകത്തിലെ ഏറ്റവും വരുമാനമുള്ള നടന്മാരെ കണ്ടെത്താനായി കഴിഞ്ഞ വര്‍ഷം ഫോക്സ് മാഗസിന് നടത്തിയ സർവേയില്‍ ഡ്വെയിന്‍ ജോണ്സന് ഒന്നാമതെത്തിയിരുന്നു. 3200 കോടി രൂപയാണ് മുന്‍ ഡബ്യുഡബ്യുഇ താരം കൂടിയായ റോക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഡ്വെയിന്‍ ജോണ്‍സന്റെ വരുമാനം.