കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്തിന്റെ കാരണങ്ങളില്‍ ഒന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറിപ്പി’ന് ലഭിച്ച മികച്ച പ്രീ ബുക്കിംഗ് ആവാം എന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ‘മോര്‍ണിങ് റിപ്പോര്‍ട്ടര്‍’ എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍.
മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ‘മരക്കാര്‍’ ഓ ടി ടിയില്‍ ആവും റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. അത്തരത്തില്‍ വലിയ ഒരു ചിത്രം തിയേറ്റര്‍ റിലീസ് ഇല്ലാതെ പോകുന്നതുമായി ബന്ധപ്പെട്ടു തിയേറ്റര്‍ ഉടമകള്‍ വിയോജിച്ചു. തുടര്‍ന്ന് സിനിമാ മന്ത്രി സജിയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ ‘മരക്കാര്‍’ തിയേറ്റര്‍ തന്നെ എന്ന് ഇന്നലെ തീരുമാനം വന്നു.
“തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാമെന്ന് ഒരു പുനര്‍വിചിന്തനം ഉണ്ടായി. എല്ലാവരും കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് പിന്നീട് ചര്‍ച്ചയിലേക്ക് നയിച്ചത്. മരക്കാര്‍ തിയേറ്ററില്‍ തന്നെ എത്തണമെന്ന പ്രേക്ഷകരുടെ ആവശ്യവും പരിഗണിച്ചാണ് അന്തിമ തീരുമാനം എടുത്തത്,” സുരേഷ് കുമാര്‍ വ്യക്തമാക്കി.
“ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘കുറുപ്പി’ന് വലിയ രീതിയില്‍ ബുക്കിങ് ലഭിച്ചു. ഇത് നിര്‍മാതാവിന് കോണ്‍ഫിഡന്‍സ് നല്‍കി. തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തില്ല എന്ന് വിചാരിച്ചിടത്താണ് നാല് ദിവസത്തേക്ക് ‘കുറുപ്പി’ന് ബുക്കിങ് ലഭിച്ചത്. ഇതാണ് തിയേറ്റര്‍ റിലീസിലേക്ക് മരക്കാറിനെ നയിച്ചതെന്ന് എനിക്ക് തോന്നുന്നു,” സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
“ഉപാധികളില്ലാതെയുള്ള റിലീസിലൂടെ ആന്റണി പെരുമ്പാവൂര്‍ വലിയ റിസ്കാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യം അദ്ദേഹം തയാറായിരുന്നില്ല റിസ്ക് എടുക്കാന്‍. പിന്നീട് അദ്ദേഹം സമ്മതിക്കുകയായിരുന്നു. ‘മരക്കാറി’ന് വലിയ തോതിലുള്ള ബുക്കിങ് ലഭിക്കുമെന്നത് ഉറപ്പാണ്. റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ടിക്കറ്റിനായി പലരും നേരിട്ട് വിളിക്കുന്നുണ്ട്,” സുരേഷ് കുമാര്‍ പറഞ്ഞു.
ഡിസംബര്‍ രണ്ടാം തീയതിയാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തുക. ഇന്നലെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. മന്ത്രി തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചതും. മോഹന്‍ലാലിന് പുറമെ സുഹാസിനി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, അര്‍ജുന്‍, സുനില്‍ ഷെട്ടി, നെടുമുടി വേണു, മുകേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രിത്തിലുണ്ട്.