ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന, ഹോളിവുഡിന്റെ അഭിമാനപുരസ്കാര രാവായ 91-ാമത് ഓസ്കാർ അവാർഡ് നിശയ്ക്ക് അരങ്ങുയരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാവും ഓസ്കാർ ജേതാക്കൾ എന്ന ആകാംക്ഷയിലും ചർച്ചകളിലുമാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ. ലോസ് ഏഞ്ചൽസിലെ ഡോൽബി തിയേറ്ററിലാണ് ഇന്ന് ഓസ്കാർ നിശ അരങ്ങേറുക.

മികച്ച സഹനടൻ (Actor in a Supporting Role), സഹനടി (Actress in a Supporting Role), കോസ്റ്റ്യൂം ഡിസൈൻ, ഫിലിം എഡിറ്റിംഗ്, ഒർജിനൽ സ്കോർ, ആനിമേറ്റഡ് ഷോർട്ട് ഫിലിം, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ്, മികച്ച നടൻ (Actor in a Leading Role), മികച്ച നടി (Actress in a Leading Role) , ആനിമേറ്റഡ് ഫീച്ചർ ഫിലിം, സിനിമോട്ടോഗ്രാഫി, സംവിധാനം, ഡോക്യുമെന്ററി ഫീച്ചർ, ഡോക്യുമെന്ററി ഷോർട്ട് സബ്ജക്റ്റ്, വിദേശ ഭാഷാചിത്രം (Foreign Language Film), മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്, മികച്ച ചിത്രം (Best Picture), വിഷ്വൽ എഫക്റ്റ്സ്, അഡാപ്റ്റഡ് സ്ക്രീൻപ്ലേ (Adapted Screenplay), ഒർജിനൽ സ്ക്രീൻപ്ലേ (Original Screenplay), ഒർജിനൽ സോംഗ്, പ്രൊഡക്ഷൻ ഡിസൈൻ എന്നീ കാറ്റഗറിലാണ് അവാർഡുകൾ നൽകുക.

‘റോമ’യിൽ നിന്നൊരു രംഗം

ബെസ്റ്റ് ഫിലിം കാറ്റഗറിയിൽ ‘റോമ'(Roma), ‘ബ്ലാക്ക് പാന്തർ'(Black Panther), ബ്ലാക്ക്‌ലാൻസ്‌മാൻ(BlacKkKlansman), ബൊഹീമിയൻ റാപ്‌സോഡി(Bohemian Rhapsody), ദ ഫേവറൈറ്റ്സ് (The Favourites), എ സ്റ്റാർ ഈസ് ബോൺ (A Star Is Born), വൈസ് (Vice) എന്നീ ചിത്രങ്ങളാണ് ഉള്ളത്. ഓസ്കാർ സാധ്യതയിൽ മുൻപന്തിയിൽ നിൽക്കുന്നത് അൽഫോൺസോ ക്വോറോണിന്റെ ‘റോമ’ തന്നെയാണ്. ക്രിട്ടിക്സ് ചോയിസ് അവാർഡും ബാഫ്ത അവാർഡുമൊക്കെ മുൻപു തന്നെ ‘റോമ’ നേടിയിരുന്നു.

അൽഫോൺസോ ക്വോറോൺ

ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിനും ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്ന് അൽഫോൺസോ ക്വോറോണിന്റെയാണ്. ‘റോമ’ എന്ന തന്റെ സ്പാനിഷ് ചിത്രത്തിലൂടെ ഗോൾഡൻ ഗ്ലോബ്, ദ ക്രിട്ടിക്സ് ചോയിസ് അവാർഡ്, ബാഫ്ത അവാർഡുകൾ അൽഫോൺസോ ക്വോറോൺ കരസ്ഥമാക്കിയിരുന്നു. ക്വോറോണിനെ കൂടാതെ ബെസ്റ്റ് ഡയറക്ടർ കാറ്റഗറിയുടെ നോമിനേഷൻ ലിസ്റ്റിലുള്ളത് യോർഗോസ് ലാൻതിമോസ് (The Favourite), സ്പൈക്ക് ലീ (BlacKkKlansman), ആദം മാകെ (Vice), പവേൽ പോളികോസ്കി (Cold War) എന്നിവരാണ്

ഗ്ലെൻ ക്ലോസ്

ഗ്ലെൻ ക്ലോസ് (ദ വൈഫ്), ലേഡി ഗാഗ (എ സ്റ്റാർ ഈസ് ബോൺ), ഒലീവിയ കോൾമാൻ (ദ ഫേവറൈറ്റ്), മെലീസ മകാർത്തി (കാൻ യു എവർ ഫോർഗീവ് മി), എലിറ്റ്‌സ അപരിഷ്യോ (റോമ) എന്നിവരാണ് ഓസ്കാർ ബെസ്റ്റ് ആക്ട്രസ്സ് അവാർഡ് കാറ്റഗറിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ചു അഭിനേത്രികൾ. ഇവരിൽ ഏറ്റവും കൂടുതൽ സാധ്യതകളുള്ള ഒരാൾ ഗ്ലെൻ ക്ലോസ് ആണെന്നാണ് നിരൂപകരുടെ വിലയിരുത്തൽ. ഏഴു തവണ ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ വന്നിട്ടും ഇതുവരെ പുരസ്കാരം നേടാൻ കഴിയാത്ത ഗ്ലെന്നിനെ ‘വൈഫി’ലെ മികവേറിയ അഭിനയപ്രകടനം ഇത്തവണത്തെ ഓസ്കാർ അവാർഡിന് അർഹയാക്കുമെന്നാണ് വിലയിരുത്തൽ. ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഗ്ലെൻ നേടിയിരുന്നു.

ബ്രാഡ്‌ലി കൂപ്പർ

91-ാമത് അക്കാദമി അവാർഡിൽ മികച്ച നടനുള്ള അവാർഡ് നോമിനേഷൻ ലിസ്റ്റിൽ ബ്രാഡ്‌ലി കൂപ്പർ (എ സ്റ്റാർ ഈസ് ബോൺ), റാമി മാലെക്ക് (ബൊഹീമിയൻ റാപ്സോഡി), വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീൻ ബുക്ക്), വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റിസ് ഗേറ്റ്), ക്രിസ്റ്റ്യൻ ബെയല്‍ (വൈസ്) എന്നിവരാണ് ഉള്ളത്. കൂട്ടത്തിൽ സാധ്യതാലിസ്റ്റിൽ പ്രഥമപരിഗണനയിൽ നിൽക്കുന്നത് ബ്രാഡ്‌ലി കൂപ്പർ ആണെന്നാണ് നിരൂപക വിലയിരുത്തൽ. റാമി മാലെക്ക് ആണ് ബ്രാഡ്‌ലിയ്ക്ക് വെല്ലുവിളി ഉയർത്തുന്ന മറ്റൊരു താരം. ‘ബൊഹീമിയൻ റാപ്സോഡി’യിലെ അഭിനയമികവിന് ഗോൾഡൻ ഗ്ലോബ്ബും ബാഫ്റ്റയും അടക്കം നിരവധി അവാർഡുകൾ റാമി മാലെക്ക് നേടിയിരുന്നു.

 

ബെസ്റ്റ് ഒർജിനൽ സോംഗ് കാറ്റഗറിയിൽ മുന്നേറ്റം നടത്തുന്നത് ‘ബ്ലാക്ക് പാന്തേഴ്സി’ന്റെ “All The Stars” ആണ്. ‘ബ്ലാക്ക് പാന്തേഴ്സി’ന്റെ ഗാനത്തിനൊപ്പം തന്നെ ‘എ സ്റ്റാർ ഈസ് ബോണി’ലെ “Shallow”, മേരി പോപ്പിൻസ് റിട്ടേൺസിലെ “The Place Where Lost Things Go”, ദ ബല്ലാഡ് ഓഫ് ബസ്റ്റർ സ്ക്രുഗ്സിലെ “When a Cowboy Trades His Spurs for Wings”, ‘ആർബിജി’യിലെ “I’ll Fight” എന്നീ ഗാനങ്ങളും നോമിനേഷൻ ലിസ്റ്റിലുണ്ട്.

റെഗിന കിംഗ് (If Beale Street Could Talk), മറിന ഡേ ടവിറ(റോമ), ആമി ആദംസ് (വൈസ്), എമ്മ സ്റ്റോൺസ്, റേച്ചൽ വീസ് (The Favourite) എന്നിവരാണ് Best Actress in a Supporting Role കാറ്റഗറിയിൽ നോമിനേഷനിലുള്ളത്. റെഗിന കിംഗിനാണ് സാധ്യതകളേറെയെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. മെഹർഷല അലി (Green Book), സാം എലിയറ്റ് (A star is born), ആദം ഡ്രൈവർ (BlacKkKlansman), റിച്ചാർഡ് ഇ ഗ്രാൻറ് (Can you ever forgive me), സാം റോക്ക്വെൽ (Vice) എന്നിവരാണ് മികച്ച സഹനടൻ നോമിനേഷനിലുള്ളത്.

റോമ (മെക്‌സികോ), നെവര്‍ ലുക്ക് എവേ (ജര്‍മനി), കോള്‍ഡ് വാര്‍ (പോളണ്ട്), കാപ്പര്‍നോം (ലെബനന്‍), ഷോപ്പ്‌ലിഫ്‌റ്റേഴ്‌സ് (ജപ്പാന്‍) എന്നിവയാണ് മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ കാറ്റഗറിയിലുള്ളത്.

Read more: Oscars 2019: പ്രതിഷേധങ്ങൾ ഫലം കാണുന്നു; പുരസ്കാരങ്ങളെല്ലാം ഓൺ എയറായി തന്നെ നൽകുമെന്ന് അക്കാദമി

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ