റേഡിയോ ജോക്കി, ടെലിവിഷൻ അവതാരകൻ എന്ന നിലയിലെല്ലാം ശ്രദ്ധനേടിയ ആർ.ജെ മാത്തുക്കുട്ടി ‘കുഞ്ഞെൽദോ’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്താൻ ഒരുങ്ങുകയാണ്. തന്റെ ആദ്യ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പങ്കുവെക്കുകയാണ് മാത്തുക്കുട്ടി.
വിനീത് നൽകിയ ആത്മവിശ്വാസം
എഴുത്തായിരുന്നു ഇഷ്ടം, എന്നാൽ ഒരു സ്ക്രിപ്റ്റൊക്കെ എഴുതി പ്രതിഫലിപ്പിക്കാൻ കഴിയുമോ എന്ന സംശയുണ്ടായിരുന്നു. ആ സമയത്താണ് സംവിധായകൻ രൂപേഷ് പീതാംബരൻ ‘യൂ ടൂ ബ്രൂട്ടസ്’ എന്ന ചിത്രത്തിലേക്ക് ഡയലോഗ്‌സ് എഴുതാൻ വിളിക്കുന്നത്. അപ്പോഴാണ് സ്ക്രിപ്റ്റ് എങ്ങനെയാണെന്ന് മനസിലാകുന്നത്. അതിനിടയിൽ വിനീതിനെ വിളിക്കേണ്ട ഒരു സാഹചര്യമുണ്ടായി, സംസാരത്തിനിടെ ഡയലോഗ് എഴുതുന്ന കാര്യവും മറ്റും പറഞ്ഞപ്പോൾ വിനീതേട്ടനാണ് സ്വന്തമായി എന്തെങ്കിലും എഴുതി കൂടെ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഞാൻ എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ സംഭവിച്ച, എന്റെ മനസിലുള്ള കഥപറയുന്നത്. അതിലെ ഒന്ന് രണ്ട് രംഗങ്ങൾ പറഞ്ഞപ്പോൾ തന്നെ വിനീതേട്ടൻ ഭയങ്കരമായി പൊട്ടിച്ചിരിച്ചു. നീ എഴുത് രസമുണ്ട്, ബാക്കി നമുക്ക് നോക്കാം എന്ന് പറഞ്ഞു. ആ ആത്മവിശ്വാസത്തിലാണ് കുഞ്ഞെൽദോയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തീർക്കുന്നത്.
സംവിധാനത്തിലേക്ക്
ആദ്യം വിനീത് ശ്രീനിവാസൻ തന്നെ സംവിധാനം തീരുമാനിച്ച ചിത്രമായിരുന്നു ‘കുഞ്ഞെൽദോ’. എന്നാൽ വിനീതിന് കുറച്ചു പ്രോജക്റ്റുകൾ വന്നതിനാൽ ഒന്നര വർഷത്തോളം എല്ലാം മാറ്റിവെക്കേണ്ടി വന്നു. ഇനിയെന്തു ചെയ്യുമെന്നായി വിനീതേട്ടൻ. ഞാനാണെങ്കിൽ റേഡിയോയും വിട്ട് മറ്റൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുന്ന സമയമായിരുന്നു. സിനിമാ പഠിക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. എങ്കിൽ പഠിച്ച് നീ തന്നെ ചെയ്യാൻ നോക്ക്, ഞാൻ കൂടെ നിൽക്കാം എന്ന് വിനീതേട്ടൻ ഉറപ്പുതന്നു. അങ്ങനെയാണ് ഞാൻ സംവിധാനത്തിലേക്ക് വരുന്നത്.

ആസിഫ് സിനിമയിലേക്ക് വരികയായിരുന്നു
കുഞ്ഞെൽദോ ഒരു ഫീൽ ഗുഡ് സിനിമയാണ്. ആസിഫ് ഫീൽ ഗുഡിന് നന്നായി ഇണങ്ങുന്ന ഒരാളാണ്. പ്ലസ് ടു കാലഘട്ടം മുതൽ കഥാപാത്രത്തിന്റെ ഒരു ഇമോഷണൽ ജേർണി ഉണ്ട്. പ്ലസ് ടുവിലെ നിഷ്കളങ്കതയും വലിയ പ്രശ്‌നങ്ങൾ നേരിടുമ്പോഴുള്ള വളരെ സോളിഡായ ഭാവവും. ഇത് രണ്ടും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാൾ വേണമായിരുന്നു. അങ്ങനെ ആണ് ആസിഫിനോട് കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ ആസിഫ് ചെയ്യാമെന്നേറ്റു. ചിത്രം കമ്മിറ്റ് ചെയ്യുന്നത് സംബന്ധിച്ച് ആസിഫ് രണ്ടാമതൊന്ന് ചിന്തിക്കുക കൂടി ചെയ്തിട്ടില്ല. എഴുതുന്ന സമയത്തൊന്നും ആസിഫ് മനസ്സിലില്ല. എന്റെ സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ യഥാർത്ഥ സംഭവമാണ്. ഇതിന്റെ ഒരു ഫൈനൽ ഡ്രാഫ്റ്റിലാണ് ആര് ചെയ്യണം എന്ന ആലോചനയുണ്ടായതും ആസിഫിലേക്ക് എത്തുന്നതും. ആസിഫിനെ കണ്ട് എഴുതിയതല്ല, ആസിഫ് സിനിമയിലേക്ക് വരികയായിരുന്നു.
ദുബായിൽ നിന്നും നായിക
സിനിമയിലെ നായിക ഉൾപ്പടെയുള്ള പുതുമുഖതാരങ്ങളെയെല്ലാം പൂർണമായും ഓഡിഷനിലൂടെയാണ് തിരഞ്ഞെടുത്തത്. നായിക ഗോപിക ദുബായിൽ ആയിരുന്നു. ഫൊട്ടോ കണ്ട് കൊള്ളാം എന്ന് തോന്നിയ ശേഷം ഒരു സ്ക്രിപ്റ്റ് അയച്ചു കൊടുത്തു. ഗോപിക ആ സ്ക്രിപ്റ്റിന് അനുസരിച്ച് അഭിനയിച്ച് ഒരു വീഡിയോ അയച്ചുതന്നു. വീഡിയോ കണ്ടയുടനെ, അടുത്ത ഫ്ലൈറ്റിൽ കയറിക്കോ നമ്മൾ പടം തുടങ്ങുകയാണ് എന്ന് വിളിച്ചു പറയുകയായിരുന്നു.
കോവിഡ് അനുഗ്രഹമായി
ഷൂട്ട് പൂർത്തിയായി ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. കോവിഡ് നൽകിയ ഇടവേള എഡിറ്റിങ്ങിലും സൗണ്ടിലും വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ടീമിൽ ഉള്ളവർക്ക് വളരെ സമാധാനപരമായി പണിയെടുക്കാൻ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്. ഇനി ഈ പടത്തിൽ ഇതും കൂടി ആവാമായിരുന്നു, ഒരാഴ്ച്ച കൂടി കിട്ടിയിരുന്നെങ്കിൽ നന്നാക്കാമായിരുന്നു എന്നൊന്നും പോസ്റ്റ് പ്രൊഡക്ഷൻ ടീമിലെ ആരും തന്നെ പറയില്ല.
Also Read: അടുത്ത സിനിമ എപ്പോള്‍? സെന്ന ഹെഗ്ഡെ അഭിമുഖം
ഒടിടിയിലേക്കില്ല എന്ന പ്രൊഡ്യൂസർമാരുടെ നിലപാട്
സിനിമ, സ്വപ്നം കാണുന്ന ആളുകളുടെയാണ്. ഇത് എല്ലാവരും തിയേറ്ററിൽ കാണാൻ ആഗ്രഹിച്ച സിനിമയാണ്. അത് നമ്മൾ അങ്ങനെയേ ഇറക്കുന്നുള്ളുവെന്ന് നിർമാതാക്കൾ ആദ്യം തന്നെ പ്രസ്‌താവന ഇറക്കിയിരുന്നു. ആസിഫിനും നമുക്കെല്ലാവർക്കും അതു തന്നെയായിരുന്നു ആഗ്രഹം. അതിനൊപ്പം നിർമാതാക്കളും നിലപാടെടുത്തു. പിന്നെ ‘കുഞ്ഞെൽദോ’ 2003 – 06 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. അതുകൊണ്ട് അല്പം വൈകിയിറങ്ങിയാലും ചിത്രത്തിന് പഴക്കം വരില്ലെന്ന ഉറപ്പ് ഞങ്ങൾക്കുണ്ടായിരുന്നു. അതും ഒരു ധൈര്യമായിരുന്നു.
ഷാനിന്റ ഇമോഷണൽ വർക്ക്
ചിത്രത്തിൽ അഞ്ച് പാട്ടുകളാണ് ഉള്ളത്. അഞ്ചു പാട്ടിന്റെയും സംഗീതം നിർവഹിച്ചത് ഷാൻ റഹ്മാനാണ്. വേറിട്ടൊരു ഷാൻ റഹ്മാൻ മ്യൂസിക് ഈ ചിത്രത്തിൽ കാണാം. ഷാനിന്റെ വളരെ ഇമോഷണലായ വർക്കായിരിക്കും ‘കുഞ്ഞെൽദോ’. അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തും അനു എലിസബത്തും സന്തോഷ് വർമ്മയുമാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
സ്ട്രോങ്ങ് പില്ലറായി കലേഷ്
പാസിങ് ഷോട്ടിൽ ഉള്ളയാൾ സിനിമയുടെ പ്രൊമോഷന് എത്തുന്ന ചരിത്രത്തിലെ ആദ്യ സംഭവമാകും ഇത്. ഞാൻ പരിചയമില്ലാത്ത റൂട്ടിൽ കൂടി ഓടുന്നതിനാൽ കയ്യിൽ നിന്നും പോകുമ്പോൾ വരാമെന്നായിരുന്നു കലേഷേട്ടൻ പറഞ്ഞിരുന്നത്. എനിക്ക് കാര്യമായി കയ്യിൽ നിന്നും പോയില്ല, എന്നാലും മൂന്ന് നാല് തവണ സെറ്റിൽ വന്നിരുന്നു. ഇന്നും ഞങ്ങളോടൊപ്പം ഉണ്ട്. ഞങ്ങളുടെ സ്ട്രോങ്ങ് പില്ലർ ആണ് കലേഷേട്ടൻ.

സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്തത് മികച്ച തീരുമാനം
പ്രൊഡക്ഷൻ ടീം മുഴുവൻ സുഹൃത്തുക്കളായിരുന്നു. കുഞ്ഞെൽദോയിൽ ഞാൻ എടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്നും അതു തന്നെ. എനിക്ക് കംഫർട്ടബിളായ ആളുകളോടൊപ്പമാണ് ഞാൻ വർക്ക് ചെയ്തത്. നൂറ് ശതമാനം അവർ എനിക്കൊപ്പം കട്ടക്ക് നിന്നിട്ടുണ്ട്. ആ തീരുമാനം വളരെ നന്നായി.
സ്‌ക്രീനിൽ കുഞ്ഞെൽദോ
വളരെ സന്തോഷം നൽകുന്ന, അല്പം ചിരിക്കാൻ കഴിയുന്ന, അവിടിവിടങ്ങളിലായി ഓരോരുത്തർക്കും കണക്ട് ചെയ്യാൻ കഴിയുന്ന ചിത്രമായിരിക്കും ‘കുഞ്ഞെൽദോ’. സിനിമ കണ്ടിറങ്ങുമ്പോൾ ഒരു ചിരി പ്രേക്ഷകന്റെ ചുണ്ടിൽ ബാക്കിയുണ്ടാവും.