ഇന്നലെ വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്, നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന പേരും റിയാസ് ഖാൻ നായകനായി എത്തുന്ന ‘മായക്കൊട്ടാരം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും. ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത്, 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. എല്ലാവർക്കും നന്ദി. നന്മമരം സുരേഷ് കോടാലിപ്പറമ്പൻ.’ എന്ന വാക്കുകളോടെ എത്തിയ പോസ്റ്റർ നിമിഷങ്ങൾ കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഓൺലൈൻ ചാരിറ്റി എന്ന പേരിൽ തട്ടിപ്പ് നടത്തുന്നവരെ ലക്ഷ്യമിട്ടുള്ള ആക്ഷേപഹാസ്യചിത്രമാണിതെന്ന് അണിയറപ്രവർത്തകർ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെയും ചേർത്ത് വച്ചുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ഇപ്പോഴിതാ, ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടി പറയുകയാണ് ഫിറോസ് കുന്നംപറമ്പിൽ. “വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാനതിന് ചെവികൊടുക്കാറില്ല. ഒരു പറ്റം ആളുകൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. ഞാൻ കള്ളപ്പണം വെളുപ്പിച്ചിട്ടില്ല, ഹവാല ബന്ധങ്ങളില്ല, ഞാൻ സ്വർണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, എനിക്കെതിരെ ഇന്ത്യയിലെ ഏത് അന്വേഷണ ഏജൻസികൾക്കും അന്വേഷിക്കാം. സിബിഐയെ കൊണ്ട് വേണമെങ്കിൽ അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയിൽ കനമില്ല. ഞാൻ സമൂഹത്തിലെ നിർദ്ദനരായവരെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളാണ്,’ ഫെയ്സ്ബുക്ക് ലൈവിനിടെ ആയിരുന്നു ഫിറോസിന്റെ പ്രതികരണം.

ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പന്റെ ജീവിതമാണ് സിനിമ പറയുന്നത് എന്നും . എന്തിനും ഏതിനും ലൈവ് വിഡിയോ ചെയ്യുന്ന നന്മമമരമാകാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിൽ പറ്റുന്ന അബദ്ധങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്നും ചിത്രത്തിലെ നായകൻ റിയാസ് ഖാൻ വ്യക്തമാക്കിയിരുന്നു. “ഇതൊരു സ്പൂഫാണ്. അതിനെ അങ്ങനെ തന്നെ കാണണം,’ ചിത്രത്തെ കുറിച്ച് റിയാസ് ഖാൻ പറയുന്നതിങ്ങനെ. മനോരമ ന്യൂസ് ഡോട്ടോകോമിനോട് പ്രതികരിക്കുകയായിരുന്നു റിയാസ് ഖാൻ . കെ എൻ ബൈജുവാണ് ചിത്രത്തിന്റെ സംവിധായകൻ.

Suresh Kodaliparamban. The warlord of the poor from “Mayakottaram”

Posted by Riyaz Khan on Wednesday, November 4, 2020

ഇന്നലെ പോസ്റ്റർ റിലീസ് ചെയ്യപ്പെട്ടതു മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ് റിയാസ് ഖാന്റെ നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രം. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടനെ തന്നെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

Read more: അമ്മൂമ്മയ്ക്കൊപ്പം പ്രാർത്ഥനയുടെ നൃത്തം: വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook