താരപുത്രിമാരിൽ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകൾ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അലംകൃതയുടെ യാത്രാസ്വപ്നത്തെ കുറിച്ചുള്ളൊരു കുറിപ്പാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
അത്താഴത്തിനിടെ അടുത്ത ട്രാവൽ പ്ലാനുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ അല്ലി മുന്നോട്ടുവച്ച നിർദേശം കേട്ട് അമ്പരന്നുവെന്നാണ് സുപ്രിയ കുറിക്കുന്നത്. “ദാദ വീട്ടിൽ മടങ്ങിയെത്തിയതിനാൽ അത്താഴവേള ഞങ്ങളുടെ ഫാമിലി ടൈം ആയിരുന്നു. അടുത്ത അവധിക്കാലം എവിടെ പ്ലാൻ ചെയ്യണം എന്ന് ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെ താൻ സിറിയയിൽ പോവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് അല്ലി ഞങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചപ്പോൾ, വിമത പെൺകുട്ടികളിൽ ഒരാളായ യുസ്ര മർദിനി അവിടെയാണ് താമസിച്ചത് എന്നായിരുന്നു ഉത്തരം. അസ്വാഭാവികമായ ആ തിരഞ്ഞെടുപ്പ് ഞങ്ങളെ ഞെട്ടിച്ചപ്പോഴും, ആരാണ് യൂസ്ര എന്നതിനെ കുറിച്ച് ഞങ്ങൾക്കറിയില്ലായിരുന്നു. അല്ലി തുടർന്ന് യൂസ്രയെ കുറിച്ച് ഞങ്ങളെ ബോധവത്കരിച്ചു.”
ആറു വയസ്സുകാരിയുടെ ലോകവും അവളുടെ പ്രിയ പുസ്തകത്തിലെ കഥാപാത്രവും തങ്ങളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് സുപ്രിയ. ‘ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ്’ ആണ് ഇപ്പോൾ അല്ലിയുടെ പ്രിയപ്പെട്ട പുസ്തകമെന്നും സുപ്രിയ കുറിക്കുന്നു.
View this post on Instagram
Read more: ഫോട്ടോഗ്രാഫിയിലേക്ക് മാറിയാലോന്നാ?; പൃഥ്വിയുടെ ചിത്രം പകർത്തി സുപ്രിയ
വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതിൽ ഒന്ന് അല്ലിയുടെ പിറന്നാൾ ദിനത്തിലായിരുന്നു. സെപ്റ്റംബർ എട്ടിനാണ് അല്ലിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ജന്മദിനത്തിൽ അല്ലിക്ക് ആശംസകൾ നേർന്ന് മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്.
View this post on Instagram
അടുത്തിടെ സുപ്രിയയ്ക്കും അല്ലി മോൾക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ പൃഥ്വിരാജ്. മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
Read more: അല്ലിമോൾക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി; ചിത്രം പകർത്തി സുപ്രിയ