ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ റീത്ത ഭാദുരി അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രമുഖ ടെലിവിഷന്‍ ഷോ ആയ ‘കുംങ്കു’മില്‍ റീത്തയ്‌ക്കൊപ്പമുണ്ടായിരുന്ന നടന്‍ ശിശിര്‍ ശര്‍മ്മയാണ് റീത്തയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്തുദിവസമായി ആശുപത്രിയിലായിരുന്നു 62കാരിയായ റീത്ത ഭാദുരി. കന്യാകുമാരി എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്.

അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന അഭിനയജീവിതത്തില്‍ ബോളിവുഡില്‍ മാത്രമല്ല, പ്രാദേശിക ഭാഷാ ചിത്രങ്ങളിലും റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്. പുണെ ഫിലിം സ്‌കൂളായ എഫ്ടിഐഐയില്‍ നിന്ന് 1973ല്‍ ബിരുദം നേടിയ വ്യക്തിയാണ് ഭാദുരി.

1970ലാണ് റീത്ത ബോളിവുഡില്‍ സഹനടിയായി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. സഞ്ജയ് കപൂറും മാധുരി ദീക്ഷിത്തും വേഷമിട്ട രാജ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിലേക്ക് റീത്തയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

സെയ്ഫ് അലിഖാനും സതീഷ് ഷായ്ക്കുമൊപ്പം 1993ലെ ആഷിഖ് അവാരാ എന്ന ചിത്രത്തില്‍ റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലെ അമ്മ വേഷങ്ങളില്‍ റീത്ത ശ്രദ്ധേയയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ