scorecardresearch

ഋഷിരാജ് സിങും പറയുന്നു, ‘പോത്തേട്ടൻസ് ബ്രില്ല്യൻസ്!’ തൊണ്ടിമുതലിന് എക്സൈസ് കമ്മീഷണറുടെ നിരൂപണം

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഇന്ത്യയിലെ ഒരു പൊലീസ് സ്റ്റേഷന്റെ നേർചിത്രമാണ് നൽകുന്നത്’

Rishiraj, Fahadh

എറണാകുളം: 2017ലെ മലയാള സിനിമയുടെ അർദ്ധവാർഷിക കണക്കെടുക്കുന്പോൾ നിരൂപകരും പ്രേക്ഷകരും ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടം നൽകുന്ന സിനിമയാണ് ദിലീഷ് പോത്തൻ സംവിധനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. പൊലീസ് സ്റ്റേഷനിലെ വ്യവഹാരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ചിത്രത്തിന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിരൂപണം എഴുതിയിരിക്കുകയാണിപ്പോൾ. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഇന്ത്യയിലെ ഒരു പൊലീസ് സ്റ്റേഷന്റെ നേർചിത്രമാണ് നൽകുന്നതെന്ന് മാതൃഭൂമിയിൽ നൽകിയ നിരൂപണത്തിൽ ഋഷിരാജ് സിംഗ് അഭിപ്രായപ്പെടുന്നു.

‘ഏറെ കാലങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് പോലീസിനെ മുഖ്യധാരയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു നല്ല സിനിമ കാണാന്‍ സാധിച്ചത്. പോലീസ് ഏത് നല്ല കാര്യം ചെയ്താലും അതിനെ വിമര്‍ശിക്കുന്ന ഒരു സ്ഥിരം ഏര്‍പ്പാടാണ് ഇപ്പോള്‍ നിലവിലുളളത്. ഒരു പോലീസ് സ്റ്റേഷനിലെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പൊതു ജനങ്ങള്‍ക്ക് ശരിയായ ധാരണയില്ല. ഒരു പക്ഷേ അഭിനേതാക്കള്‍ കേരള പോലീസില്‍ ജോലി ചെയ്തു വരുന്നതു കൊണ്ടായിരിക്കാം സ്റ്റേഷനെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം നമുക്ക് ലഭിച്ചിട്ടുണ്ട്.

ഈ സിനിമയുടെ താരം അതിന്റെ കഥയാണ്. ഒരു കള്ളന്‍ പ്രസാദ് (ഫഹദ് ഫാസില്‍) ബസ്സില്‍ വെച്ച് യാത്രക്കിടെ ശ്രീജ എന്ന സ്ത്രീയുടെ (നിമിഷ സജയന്‍) മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ശ്രീജ ഇത് മനസ്സിലാക്കുമ്പോള്‍ കള്ളന്‍ മാല വിഴുങ്ങുന്നു. വിഴുങ്ങിയ മാല കൊണ്ട് സ്ത്രീക്കു0 ഭര്‍ത്താവ് പ്രസാദിനും (സുരാജ് വെഞ്ഞാറമൂട്.) വലിയ ആവശ്യം ഉണ്ടായിരുന്നു. ബാക്കി സിനിമയില്‍ ഈ പാവപ്പെട്ട സ്ത്രീയും ഭര്‍ത്താവും മാല തിരിച്ച് കിട്ടുന്നതിനുവേണ്ടി പാടുപെടുന്നത് വളരെ രസകരമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു.

ഡയറക്ടര്‍ ദിലീഷ് പോത്തന് അഭിമാനിക്കാന്‍ വകയുള്ള വളരെ മികച്ച മറ്റൊരു ചിത്രമാണിത്. ഈ മനോഹരമായ സിനിമ നാം കണ്ണിമക്കാതെ നോക്കിയിരിക്കും. എല്ലാ ആളുകളുടേയും ആക്ടിങ് വളരെ നാച്ചുറല്‍ ആയിട്ടാണ്. ഇത് വളരെ സഹജമായ രീതിയില്‍ ചെയ്തിരിക്കുന്നു. കള്ളന്റെ രൂപത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. കള്ളന്റെ എല്ലാ ഭാവങ്ങളും നന്നായി ഫഹദ് ഫാസില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സത്യം അറിഞ്ഞിട്ടും പറയാതിരിക്കാനുള്ള കളള ലക്ഷണം, അതേ സമയം പാവങ്ങളെ സഹായിക്കാനുളളള ബോധം എന്നിവ ഈ സിനിമയില്‍ നന്നായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോമഡി മാത്രമല്ല. ഗൗരവമായ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് സുരാജ് വെഞ്ഞാറമൂട് ഈ സിനിമയിലൂടെ ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. നിസ്സഹായത, പോലീസ് സ്റ്റേഷനില്‍ സത്യം പറഞ്ഞിട്ടും നീതി കിട്ടാതെ പോയ സാഹചര്യങ്ങള്‍ എന്നീ ഭാവങ്ങള്‍ സുരാജ് വെഞ്ഞാറമൂട് ഭര്‍ത്താവായിട്ടും നിമിഷക്ക് ഭാര്യയായിട്ടും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ചന്ദ്രന്‍ എ.എസ്.ഐ. ആയി അഭിനയിച്ച അലന്‍സിയര്‍ വളരെ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഒരു പോലീസ് ഓഫീസറുടെ നിസ്സഹായത ഈ സിനിമയില്‍ ഉടനീളം കാണാം. എത്ര നന്നായി ജോലി ചെയ്താലും ചെറിയ ഒരു തെറ്റ് പറ്റിയാല്‍ ആരും കൂടെയുണ്ടാവില്ല. മനസ്സിന് ഒരിക്കലും സമാധാനം ഉണ്ടാകുകയും ഇല്ല. ഗുളികകള്‍ കഴിച്ച് എങ്ങനെയെങ്കിലും മുന്നോട്ട് പോവുകയാണെങ്കിലും ജീവിതം മടുത്ത് എല്ലാം ത്യജിച്ച അദ്ദേഹത്തിന്റെ ഉത്കണ0 കണ്ടാല്‍ ഏവരുടേയും കണ്ണ് നിറഞ്ഞ് പോകും. എ എസ് ഐ സാജന്‍ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സി.ഐ. സിബി തോമസ് ആണ്. അദ്ദേഹം കാസര്‍ഗോഡ് ആദൂര്‍ സ്റ്റേഷനിലെ സി.ഐ) യാണ്. ഇദ്ദേഹമാണ് ഈ സിനിമയില്‍ കൂടുതല്‍ തിളങ്ങിയത്. ഒരു സബ്ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുമ്പോള്‍ ഉള്ള വികാരം എങ്ങനെയെങ്കിലും പ്രതികളില്‍ നിന്നും സത്യം പറയിക്കാനുള്ള ഉത്കണ്ഠ മേല്‍ ഓഫീസര്‍മാരോടുള്ള ഭയം, തുടങ്ങിയവ അദ്ദേഹത്തിന് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞു. ഡി.വൈ.എസ്.പി. മധുസൂധനന്‍ ഈ സിനിമയില്‍ സി.ഐയുടെ വേഷത്തില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. അലന്‍സിയര്‍ ഒഴികെ മറ്റ് പോലീസ് വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്ന എല്ലാവരും കേരള പോലീസില്‍ ജോലി ചെയ്തു വരുന്നവരാണ്.

ഉദാഹരണത്തിന്, എ.എസ്.ഐ. ശിവദാസ്, (ശിവദാസ്, മട്ടന്നൂര്‍), എസ്പിസിഒ സോമശേഖരന്‍ (ആര്‍മ്ഡ് പോലീസ് ഓഫീസര്‍ സോമശേഖരന്‍), എഎസ്‌ഐ റഹീം (എസ്.ഐ സുകുമാരന്‍, സിപിഒ അരവിന്ദന്‍ (എസ് ഐ അരവിന്ദന്‍), ഡ്രൈവര്‍ സിപിഒ. ഷാഹി (സിപിഒ ഷാഹി), സിപിഒ അശോകന്‍ (സിപിഒ അശോകന്‍), സിപിഒ ബാബുദാസ് ( സിപിഒ സദാനന്ദന്‍), സിപിഒ സജിത്ത് (സിപിഒ സജിത്ത്), സിപിഒ ഷാജി (സിപിഒ ഷാജി), സിപിഒ മഹേഷ് (സിപിഒ മഹേഷ്), സിപിഒ ജിജേഷ് (സിപിഒ ജിജേഷ് തമ്പാന്‍), ഡ്രൈവര്‍ സിപിഒ ശശി (സിപിഒ ശശി), സിപിഒ ജീസ് (എച്ചഎവി ജീസ്), എസ്‌സിപിഒ സഞ്ജയ് (എസ്‌സിപിഒ സഞ്ജയ്), സിപിഒ ശ്രീലേഷ് (സിപിഓ ശ്രീലേഷ്), എസ്‌സിപിഒ ബാബുരാജ് (എസ്‌സിപിഒ ബാബുരാജ്), സിപിഒ ശരത് (സിപിഒ ശരത്), സിപിഒ ഗോകുല്‍ (സിപിഒ ഗോകുല്‍), ഡബ്ല്യൂഎസ്‌സിപിഒ സരള (ഡബ്ല്യൂസിപിഒ സരള), ഡബ്ല്യൂഎസ്‌സിപിഒ ഷീബ (ഡബ്ല്യൂഎസ്‌സിപിഒ ഷീബ), ഡബ്ല്യൂഎസ്‌സിപിഒ ഷരാവതി (ഡബ്ല്യൂഎസ്‌സിപിഒ ഷരാവതി) എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

കഥ, തിരക്കഥ എന്നിവ എഴുതിയത് സജീവ് പാഴുര്‍ ആണ്. സംഭാഷണത്തില്‍ ശ്യാം പുഷ്‌ക്കരന്‍ കൂടിയുണ്ട്. വളരെ പ്രാക്ടിക്കലായ ഡയലോഗാണ് എഴുതിയിരിക്കുന്നത്. സംഭാഷണം കേരളത്തിലെ ഏത് പോലീസ് സ്റ്റേഷനിലും കേള്‍ക്കുന്ന തനി നാടന്‍ ഭാഷയിലാണ്. സിനിമയുടെ ബാക്ക്ഗ്രൗണ്ട് വളരെ നന്നായി ചെയ്തിട്ടുണ്ട്.

ഒരു പോലീസ് സ്റ്റേഷന്റെ ദൈനംദിന കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുളള പെടാപ്പാടും, നീതി തേടി വരുന്നവ രുടെ അവശതകളും വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു പോലീസ് സ്റ്റേഷനില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ നമ്മള്‍ ഈ സിനിമ തീര്‍ച്ചയായും കാണേണ്ടതാണ്. ഒരിക്കലും പോലീസ് സ്റ്റേഷനില്‍ ഒരു സമയത്ത് വരലിലെണ്ണാവുന്നതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാകില്ല. എങ്കിലും അവിടെ എപ്പോഴും തിരക്കാണ്. കുറ്റവാളികളെ പിടിക്കണം, പിടിക്കപ്പെട്ട കുറ്റവാളികളെ ചോദ്യം ചെയ്യണം, അതിനിടക്ക് എവിടെയെങ്കിലും ക്രമ സമാധാന പ്രശ്‌നം വന്നാല്‍ അവിടെ ഓടിച്ചെല്ലുക, തുടര്‍ച്ചയായി സ്റ്റേഷനില്‍ വരുന്ന ആളുകളുടെ പരാതി കേള്‍ക്കുക, നടപടി എടുക്കുക, കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷ പ്പെട്ടു പോയാല്‍ അയാളെ കണ്ട് പിടിക്കുന്നതിന് നാട് മുഴുവന്‍ തിരച്ചില്‍ നടത്തുക, ഇതിനിടയില്‍ പോലീസുകാരന് ഒരു ചെറിയ തെറ്റ് സ0ഭവിച്ചാല്‍ തന്നെ എത്ര ജോലി ചെയ്താലും ആ പോലീസുകാരനെ കുറ്റവാളിയായി കാണുക, ഇതെല്ലാം മനസ്സിലാക്കാന്‍ ഈ സിനിമ നിര്‍ബന്ധമായും കാണണം.

ഈ 21-ാം നൂറ്റാണ്ടിലും പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തുക തക്ക സമയത്ത് കിട്ടുന്നില്ല എന്നത് വളരെ ദുഃഖകരമായ കാര്യമാണ്. കേസെടുക്കാനുള്ള പേപ്പറുകള്‍ പുറത്തു നിന്ന് കൊണ്ടു വരന്നു എന്ന് കേള്‍ ക്കുന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്. കസ്റ്റഡിയിലുളള പ്രതികള്‍ക്ക് മതിയായ ഭക്ഷണം കൊടുക്കുക എന്നുളളത് ആവശ്യമായ സംഗതിയാണ്. അതിന് ചെലവാക്കാന്‍ ഒരു പ്രതിക്ക് ഒരു ദിവസ0 16/- രൂപ മാത്രമാണ് ലഭിക്കുന്നത്.

അതും പാസ്സായി കിട്ടാന്‍ മാസങ്ങള്‍ പിടിക്കും. ഇത് മിക്കവാറും പ്രതിയുടെ കൈയ്യില്‍ നിന്നോ, വാദിയുടെ കൈയ്യില്‍ നിന്നോ പോലീസുകാരന്റെ കൈയ്യില്‍ നിന്നോ കൊടുക്കേണ്ടി വരും. ഇതിനിടയില്‍ സത്യം പുറത്ത് കൊണ്ടുവരുന്നതിന് പ്രതിയെ ചിലപ്പോഴൊക്കെ ഇടിക്കുകയോ, തള്ളുകയോ, അടിക്കുകയോ ഒക്കെ ചെയ്യേണ്ടതായി വരാറുണ്ട്. സമയത്തിന്റെ അഭാവവും, പോലീസുകാരുടെ അംഗസംഖ്യയിലുളള കുറവും അന്വേഷണത്തിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ഇതിന് കാരണം. ഇന്നും ഇതില്‍ വ്യത്യാസം വന്നിട്ടില്ല എന്നത് വളരെ സങ്കടകരമാണ്. ഈ സിനിമയില്‍ കാണിക്കുന്ന കാര്യങ്ങള്‍ ചെറിയ അതിശയമാണെങ്കിലും കേരള പോലീസിലും ഇന്ത്യ) പോലീസിലും ഇതില്‍ വലിയ മാറ്റം വന്നിട്ടില്ല. പോലീസ് സ്റ്റേഷന്റെ പച്ചയായ മുഖം വരച്ചു കാണിക്കുന്ന ഈ നല്ല സിനിമ തീര്‍ച്ചയായും എല്ലാവരും കാണണം.’

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rishiraj singh review thondimuthalum driksakshiyum dileesh pothan