ലോക്ക്‌ഡൗൺ കാലത്ത് ആൾക്കൂട്ടമോ പൊതുദർശനമോ ഇല്ലാതെ വേണ്ടപ്പെട്ടവരുടെ മാത്രം സാന്നിധ്യത്തിൽ ഇതിഹാസ താരം ഋഷി കപൂറിന് വിട നൽകിയിരിക്കുകയാണ് ബോളിവുഡ്.
ആൾക്കൂട്ടത്തിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കപൂർ കുടുംബവുമായി അടുത്ത ബന്ധമുള്ളവർ മാത്രമാണ് ശവസംസ്കാര ചടങ്ങിനെത്തിയത്. മുംബൈയിലെ ചന്ദൻ വാദിയിലാണ് ഋഷി കപൂറിന്റെ അന്ത്യകർമങ്ങൾ നടന്നത്.
ആലിയ ഭട്ട്, അഭിഷേക് ബച്ചൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ, അർജുൻ കപൂർ, സംവിധായകൻ അയാൻ മുഖർജി, അർമാൻ ജെയിൻ, അനിൽ അംബാനി എന്നിവർ ഋഷി കപൂറിന് അന്ത്യോപചാരം അർപ്പിക്കാനും രൺബീറിനെയും അമ്മ നീതു സിംഗിനെയും ആശ്വസിപ്പിക്കാനുമായി എത്തിയിരുന്നു.
Read more: ഞാന്‍ തകര്‍ന്നു: ഋഷി കപൂറിന്റെ വിയോഗത്തില്‍ വിലപിച്ച് അമിതാഭ് ബച്ചന്‍
ഋഷി കപൂറിന്റെ നിര്യാണം ഏറെ വേദനയോടെയാണ് അദ്ദേഹത്തിന്റെ കുടുംബം ഉൾക്കൊണ്ടത്. എന്നാൽ, കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ. പ്രത്യേക സാഹചര്യം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് ഋഷി കപൂറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എല്ലാവരും കൃത്യമായി സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത്.
ഇന്നലെ രാവിലെയാണ് ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചത്. 67 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ മിനിഞ്ഞാന്ന് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരൻ രൺധീർ കപൂറാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ന്യൂയോർക്കിൽ ഒരു വർഷത്തോളം നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം ഋഷി കപൂർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
2018 ൽ കാൻസർ രോഗബാധിതനായ താരം 11 മാസത്തിലധികം നീണ്ടുനിന്ന ചികിത്സയിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തത്. ഭാര്യ നീതു കപൂറും അദ്ദേഹത്തോടൊപ്പം ന്യൂയോർക്കിൽ ഉണ്ടായിരുന്നു. മകൻ രൺബീർ കപൂറും കാമുകി ആലിയ ഭട്ടും പതിവായി ന്യൂയോർക്കിൽ ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു.
Read more: ഇതിഹാസതാരത്തിന്റെ കയ്യൊപ്പു പതിഞ്ഞ പ്രിയസമ്മാനം; ഋഷി കപൂറിന്റെ ഓർമകളിൽ ജീത്തു ജോസഫ്