സെൽഫി ആവശ്യപ്പെട്ട ആരാധികയോട് കയർത്ത് റിഷി കപൂർ. കപൂർ കുടുംബം ഡിന്നറിനായി റസ്റ്ററന്റിലെത്തിയപ്പോഴാണ് സംഭവം. റിഷി കപൂർ, രൺബീർ കപൂർ, നീതു, സഹോദരി റിദ്ദിമ, അനന്തരവൾ സമാറ എന്നിവരാണ് മുബൈ ബാന്ദ്രയിലെ റസ്റ്ററന്റിൽ ഡിന്നറിന് എത്തിയത്. ഡിന്നർ കഴിഞ്ഞ് പുറത്തെത്തിയ കപൂർ കുടുംബത്തെ കാണാനായി ആരാധകരും കാത്തുനിൽപ്പുണ്ടായിരുന്നു.

കപൂർ കുടുംബത്തെ കണ്ടയുടൻ ഒരു ആരാധിക ഫോട്ടോ എടുക്കാനായി അടുത്തെത്തി. രൺബീറും നീതുവും ഉളള ഒരു ഫോട്ടോ ആരാധികയ്ക്ക് പകർത്തി. പക്ഷേ റിഷി കപൂറിന്റെ ഫോട്ടോ പകർത്താനായില്ല. റിഷി കപൂറിനോട് ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ആരാധിക ചോദിച്ചു. ഉടൻ തന്നെ റിഷി കപൂർ ‘നോ’ പരുക്കൻ സ്വരത്തിൽ മറുപടി പറഞ്ഞു. താങ്കൾ പരുഷമായിട്ടാണ് പെരുമാറുന്നതെന്ന് ആരാധിക നടനോട് പറഞ്ഞു. ഇതുകേട്ടതോടെ റിഷി കപൂറിന് നിയന്ത്രണം വിട്ടു.

”ഇത് പരുഷമല്ല, നിങ്ങൾക്ക് ഒന്നുമറിയില്ല. ഞാൻ പരുഷനാണെന്ന് പറയാൻ എളുപ്പമാണ്” റിഷി കപൂർ ആരാധികയോട് പറഞ്ഞു. ആരാധികയോട് അച്ഛൻ കയർത്തുസംസാരിക്കുന്നത് കണ്ട രൺബീർ അടുത്തെത്തി. അച്ഛനോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു. അച്ഛനിൽനിന്നും ആരാധികയെ രക്ഷിക്കുന്നതുപോലെയായിരുന്നു രൺബീറിന്റെ പ്രവൃത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ