രൺബീർ- ആലിയ പ്രണയമാണ് കുറേനാളായി ബോളിവുഡ് പാപ്പരാസികളുടെ പ്രിയപ്പെട്ട വിഷയം. ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് രൺബീർ മാധ്യമങ്ങൾക്ക് സൂചനകൾ നൽകിയെങ്കിലും, ഈ ബന്ധത്തെ കുറിച്ച് ഒന്നും വെളിപ്പെടുത്താൻ ആലിയ ഇതുവരെ തയ്യാറായിട്ടില്ല.
അയാൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’യിൽ അഭിനയിച്ചു വരികയാണ് ആലിയ- രൺബീർ ജോഡികൾ. ലൊക്കേഷനിൽ ആലിയ- രൺബീർ പ്രണയം തളിർക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ‘രൺബീറിന് ആലിയയെ ഇഷ്ടമാണ്’ എന്ന പ്രസ്താവനയുമായി റൺബീറിന്റെ പിതാവ് റിഷി കപൂർ തന്നെ രംഗത്തുവന്നിരിക്കുന്നത്.
രൺബീറിന്റെ അമ്മ നീതുവും ആലിയയോടുള്ള ഇഷ്ടം തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ വ്യക്തമാക്കിയിരുന്നു. അതിനു പിറകെയാണ് ഇപ്പോൾ റിഷി കപൂറിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. റൺബീറിന്റെ വിവാഹം പൂർണ്ണമായും അവന്റെ സ്വാതന്ത്യവും താൽപ്പര്യവുമാണെന്നാണ് മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ റിഷി കപൂർ വ്യക്തമാക്കുന്നത്.
” രൺബീറിന്റെ ജീവിതമാണ്. ആരെ വിവാഹം കഴിക്കണമെന്നത് അവന്റെ വ്യക്തിപരമായ കാര്യമാണ്. നീതുവിന് അവളെ ഇഷ്ടമാണ്. എനിക്കും ഇഷ്ടമാണ്. രൺബീറും അവളെ ഇഷ്ടപ്പെടുന്നു. മനസ്സിലായോ? ഞാൻ ജഡ്ജ്‌മെന്റൽ ആവുന്നില്ല. എല്ലാത്തിനുമപ്പുറം ഞാനും എന്റെ അമ്മാവൻമാരായ ഷമ്മിജിയും ശശിജിയും എല്ലാം ഞങ്ങളുടെ ഇഷ്ടാനുസരണം ജീവിതപങ്കാളിയെ തിരഞ്ഞെടുത്തവരാണ്. രൺബീറിനും ആ സ്വാതന്ത്ര്യമുണ്ട്.” റിഷികപൂർ നയം വ്യക്തമാക്കി.
രൺബീറിന്റെ കുടുംബത്തിനൊപ്പം പല അവസരങ്ങളിലും ആലിയ ഭട്ടിനെ കണ്ടതോടെയാണ് ഈ പ്രണയത്തിനു ചുറ്റുമുള്ള ‘പാപ്പരാസികളുടെ കറക്കം’ ആരംഭിച്ചത്. സോനം കപൂറിന്റെ വിവാഹ റിസപ്ഷനും ഇരുവരും ഒന്നിച്ചായിരുന്നു വേദിയിലെത്തിയത്.
ആലിയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന്, ” ഇതൊരു പുതിയ തുടക്കമാണ്. അതിനെ കുറിച്ച് ഇപ്പോൾ കൂടുതൽ സംസാരിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. കുറച്ചുസമയം വേണം.” എന്നായിരുന്നു രൺബീറിന്റെ പ്രതികരണം.
‘സഞ്ജു’വിന്റെ വിജയത്തിനു ശേഷം ആലിയയ്ക്കും അമിതാഭ് ബച്ചനുമൊപ്പം ‘ബ്രഹ്മാസ്ത്ര’യിൽ അഭിനയിച്ചുവരികയാണ് താരം.
‘ബ്രഹ്മാസ്ത്ര’യ്ക്കു പുറമെ വരുൺ ധവാനൊപ്പം ‘കലാങ്കി’ലും ആലിയ അഭിനയിക്കുന്നുണ്ട്. രൺവീർ സിംഗിന്റെ സോയ അക്തർ ചിത്രം ‘ഗല്ലി ബോയ് ‘ എന്ന ചിത്രത്തിലും ആലിയയെ കാണാം