ബോളിവുഡിന്റെ സ്വന്തം ഇതിഹാസതാരം ഋഷികപൂർ വിട പറഞ്ഞതിന്റെ സങ്കടം ഇനിയും പ്രേക്ഷകരെ വിട്ടൊഴിഞ്ഞിട്ടില്ല. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ബോളിവുഡിൽ തന്റെയിടം കണ്ടെത്തിയ വ്യക്തിയായിരുന്നു ഋഷി കപൂർ. അതുകൊണ്ടുതന്നെ പകരക്കാരില്ലാത്ത ശൂന്യതയാണ് ഋഷികപൂറിന്റെ വിയോഗം സിനിമാലോകത്തിന് സമ്മാനിക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള ഒരു വിവാഹക്ഷണക്കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കത്തിൽ വരന്റെ പേര് ഋഷി, വധു നീതു. 40 വർഷം പഴക്കമുള്ളൊരു താരവിവാഹത്തിന്റെ ക്ഷണക്കത്ത് ആരാധകരിലും കൗതുകമുണർത്തുകയാണ്.
പതിനഞ്ചോളം സിനിമകളിൽ ഋഷിയും നീതുവും നായികാനായകന്മാരായി അഭിനയിച്ചു. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ബോളിവുഡിലെ യുവനടൻമാരിൽ ശ്രദ്ധേയനായ രൺബീർ കപൂറും ഋതിമ കപൂറുമാണ് ഈ ദമ്പതികളുടെ മക്കൾ.
‘ഖേൽ ഖേൽ മേം’, ‘അമർ അക്ബർ അന്തോണി’ തുടങ്ങി വിവാഹത്തിന് മുൻപും ശേഷവും പതിനഞ്ചോളം സിനിമകളിലാണ് നീതുവും ഋഷിയും ഒരുമിച്ചഭിനയിച്ചത്. കൗമാരക്കാരിയായപ്പോൾ സിനിമയിലെത്തിയ നീതുവിന് ആദ്യം ഋഷിയോട് മിണ്ടാൻ പോലും ഭയമായിരുന്നു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാർ ഉണ്ടായിരുന്ന ഋഷിയുടെ ജീവിതം നന്നായി അറിയാവുന്ന കൂട്ടുകാരിയായിരുന്നു നീതു. ‘ബരൂദ്’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് ഋഷി നീതുവിനോടുള്ള തന്റെ പ്രണയം തിരിച്ചറിയുന്നത്.
1980ൽ ഋഷിയുടെ ജീവിതപങ്കാളിയായ നീതു അഭിനയത്തിൽ നിന്നും പിൻവാങ്ങി. നീതുവിന് 21 വയസും ഋഷിക്ക് 26 വയസുമുള്ളപ്പോളാണ് ഇരുവരും വിവാഹിതരാവുന്നത്. ഋഷി കപൂറിന്റെ ജീവിതത്തിന് താങ്ങും തണലുമായി നിൽക്കുന്ന നീതുവിനെയാണ് പിന്നെ കണ്ടത്. ഇംതിയാസ് അലിയുടെ ‘ലൗ ആജ് കൽ’ എന്ന ചിത്രത്തിലൂടെ 2009ൽ നീതു അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു, ചിത്രത്തിൽ നീതുവിന്റെ ഭർത്താവായി എത്തിയത് സാക്ഷാൽ ഋഷി കപൂർ തന്നെയായിരുന്നു. ഞങ്ങളുടെ കഥയുടെ അന്ത്യം എന്നാണ് ഋഷികപൂറിന്റെ മരണസമയത്ത് നീതു വേദനയോടെ കുറിച്ചത്.