ഋഷി കപൂറും അന്തരിച്ച നടി ശ്രീദേവിയും എത്രയോ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതാണ്. 90കളിലെ ബോളിവുഡിന്റെ പ്രിയതാരങ്ങളായിരുന്നു ഇരുവരും. ‘ചാന്ദ്‌നി’, ‘നഗിന’ തുടങ്ങി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒരുപിടി നല്ല ചിത്രങ്ങള്‍. ആ ഋഷികപൂര്‍ ഇപ്പോള്‍ ശ്രീദേവിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ആരാധകര്‍ വെറുതെ ഇരിക്കുമോ!

Rishi kapoor

ഋഷികപൂറും ശ്രീദേവിയും ഒരുമിച്ചുള്ള ഒരു പഴയ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് ‘ഈ ചിത്രം ഏതാണ്, എനിക്കൊപ്പമുള്ള നടിയെ തിരിച്ചറിയാന്‍ പറ്റുന്നില്ല,’ എന്നാണ് ഋഷി കപൂര്‍ കുറിച്ചത്. ഇതില്‍ ക്ഷോഭിച്ച് ട്രോളുകളും വിമര്‍ശനങ്ങളുമാണ് ആളുകള്‍ മറുപടിയായി നല്‍കുന്നത്.

ശ്രീദേവിയെ തങ്ങള്‍ക്ക് മനസിലായി എന്നാല്‍ കൂടെയുള്ള നടനെയാണ് മനസിലാകാത്തതെന്ന് ഒരു ആരാധകൻ പറഞ്ഞപ്പോള്‍, നിങ്ങള്‍ തിരിച്ചറിയാതെ പോയ നടി ഇന്ത്യയില്‍ മുഴുവന്‍ പ്രശസ്തയാണെന്നും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആളുകള്‍ക്ക് അവരെ അറിയാമെന്നുമായിരുന്നു മറ്റൊരു മറുപടി. നിരവധി കമന്റുകള്‍ ട്വീറ്റിനു താഴെ വരുന്നുണ്ട്.

സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ശ്രീദേവിയും ഋഷി കപൂറും നല്ല സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ഏറെ വേദനിച്ചവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.
‘നിലാവട്ടമില്ലാത്ത രാത്രികളാണ് ഇനിയങ്ങോട്ട്! ചാന്ദ്‌നി എന്നെന്നേക്കുമായി പോയി,’ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook