/indian-express-malayalam/media/media_files/uploads/2022/06/Rintu-Thomas-.jpg)
മലയാളിയായ ഡോക്യൂമെന്ററി സംവിധായിക റിന്റു തോമസിന് ഓസ്കാർ അക്കാദമി അംഗത്വത്തിന് ക്ഷണം. അഭിനേതാക്കളായ കജോൾ, സൂര്യ, സംവിധായികയും എഴുത്തുകാരിയുമായ റീമ കഗ്തി, ഡോക്യുമെന്ററി സംവിധായകൻ സുഷ്മിത് ഘോഷ് എന്നിവർക്കൊപ്പമാണ് റിന്റുവിനും ഈ വർഷത്തെ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആൻഡ് സയൻസസിന്റെ ഭാഗമാകാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്ന് സംവിധാനം ചെയ്ത 'വ്രയിറ്റിങ് വിത്ത് ഫയർ' ഇത്തവണ ഓസ്ക്കാർ നോമിനേഷനിൽ വന്നിരുന്നു.
ഓസ്‌കാർ ജേതാക്കളായ അരിയാന ഡിബോസ്, ട്രോയ് കൊട്സർ, ബില്ലി എലിഷ് എന്നിവരും അക്കാദമിയിലേക്ക് ക്ഷണിക്കപ്പെട്ട 397 വ്യക്തികളിൽ ഉൾപ്പെടുന്നു. ക്ഷണിതാക്കൾ ക്ഷണം സ്വീകരിക്കുകയാണെങ്കിൽ അവർക്ക് 95-ാമത് അക്കാദമി അവാർഡിൽ വോട്ടിംഗിനുള്ള പ്രത്യേകാവകാശം ലഭിക്കും.
ഈ വർഷം ക്ഷണിക്കപ്പെട്ട അഭിനേതാക്കളിൽ അന്യ ടെയ്‌ലർ-ജോയ്, ജെസ്സി ബക്ക്‌ലി, ഗാബി ഹോഫ്‌മാൻ, ബെൽഫാസ്റ്റിലെ സഹതാരങ്ങളായ ജാമി ഡോർനൻ, കെയ്‌ട്രിയോണ ബാൽഫ്, കൂടാതെ ദ പവർ ഓഫ് ദ ഡോഗിലെ ജെസ്സി പ്ലെമൺസ്, കോഡി സ്മിറ്റ്-മക്‌ഫീ എന്നിവരും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്ന് കജോൾ (മൈ നെയിം ഈസ് ഖാൻ), ഇറാന്റെ അമീർ ജാദിദി (എ ഹീറോ), നോർവേയുടെ റെനേറ്റ് റെയിൻസ്‌വെ (ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ്), ഫ്രാൻസിന്റെ വിൻസെന്റ് ലണ്ടൻ (ടൈറ്റെയ്ൻ), നൈജീരിയയുടെ ഫങ്കെ അകിൻഡെലെ (ജെനിഫ), ജപ്പാന്റെ ഹിഡെതോഷി നിഷിജിമയും (ഡ്രൈവ് മൈ കാർ) എന്നിവരാണ് ഓസ്കാറിലെ അന്താരാഷ്ട്ര സാന്നിധ്യമാവുന്ന വ്യക്തിത്വങ്ങൾ.
ക്ഷണിതാക്കൾ എല്ലാവരും ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഈ വർഷത്തെ ലിസ്റ്റിൽ, 34 ശതമാനം സ്ത്രീകളും 19 ശതമാനം പ്രാതിനിധ്യമില്ലാത്ത കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരും 23 ശതമാനം യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ളവരുമാവും അംഗങ്ങളായി എത്തുകയെന്ന് അക്കാദമി ചൊവ്വാഴ്ച അറിയിച്ചു.
95-ാമത് അക്കാദമി അവാർഡുകൾ 2023 മാർച്ച് 12-ന് ലോസ് ഏഞ്ചൽസിൽ നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.