ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായ ‘എന്താടാ സജി’. “പുണ്യാളാ, സുഖമാണോ, മാമുണ്ടോ?” എന്നൊക്കെ നിഷ്കളങ്കമായി പുണ്യാളനോട് ചോദിക്കുന്ന ഒരു കൊച്ചുമിടുക്കനും ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ കവരുന്നുണ്ട്.
ഗായിക റിമി ടോമിയുടെ സഹോദരി റീനുവിന്റെ മകനായ കുട്ടാപ്പിയാണ് ഈ കൊച്ചുമിടുക്കൻ. റിമിയുടെ ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് കുട്ടാപ്പി.
കുറുമ്പും കൊച്ചുവർത്തമാനങ്ങളുമൊക്കെയായി മിക്ക വീഡിയോകളിലും റിമിയ്ക്ക് ഒപ്പം കുട്ടാപ്പിയും ഉണ്ടാവാറുണ്ട്. നടി മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളായ കിയാര എന്ന കൺമണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ബാലതാരമായി കുട്ടാപ്പിയെ സ്ക്രീനിൽ കാണാനായതിന്റെ സന്തോഷത്തിലാണ് റിമി.
അങ്ങനെ നമ്മുടെ കുട്ടാപ്പിയും നടനായല്ലേ എന്നാണ് ആരാധകർ റിമിയോട് ചോദിക്കുന്നത്.
മുൻപ്, മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിലും കുട്ടാപ്പിയും കൺമണിയും അതിഥികളായി എത്തിയിരുന്നു.