അവതാരക, നടി, വ്ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗായിക റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. റിമിയുടെ ഊർജ്ജസ്വലതയും സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവുമൊക്കെ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവരെ അമ്പരപ്പിച്ചിട്ടുള്ള കാര്യമാണ്. എന്താണ് മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യം എന്ന ചോദ്യത്തിന്, റിമിയുടെ എനർജിയുടെ രഹസ്യം പറഞ്ഞാൽ ഞാനുമത് പറയാം എന്നാണ് ഒരു സ്റ്റേജ് ഷോയ്ക്കിടെ മമ്മൂട്ടി മറുപടി നൽകിയത്.
പപ്പയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ഡിജിറ്റൽ പെയിന്റിംഗ് ഷെയർ ചെയ്തിരിക്കുകയാണ് റിമി ഇപ്പോൾ. റിമിയുടെ പപ്പയായ സൈനികനായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് 2014ലാണ് അന്തരിച്ചത്. തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.