ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. റിമിയുടെ ഊർജ്ജസ്വലതയും സദസ്സിനെ കയ്യിലെടുക്കാനുള്ള കഴിവുമൊക്കെ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ളവരെ അമ്പരപ്പിച്ചിട്ടുള്ള കാര്യമാണ്. എന്താണ് മമ്മൂക്കയുടെ ഗ്ലാമറിന്റെ രഹസ്യം എന്ന ചോദ്യത്തിന്, റിമിയുടെ എനർജിയുടെ രഹസ്യം പറഞ്ഞാൽ ഞാനുമത് പറയാം എന്നാണ് ഒരു സ്റ്റേജ് ഷോയ്ക്കിടെ മമ്മൂട്ടി മറുപടി നൽകിയത്.
റിമി ടോമിയുടെ ജന്മദിനമാണ് ഇന്ന്. റിമിയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് റിമിയുടെ അടുത്ത സുഹൃത്തുക്കളും ഗായകരുമായ ജ്യോത്സനയും വിധു പ്രതാപും. റിമിയുടെ പഴയൊരു ഫോട്ടോയും പുതിയ ഫോട്ടോയും ചേർത്തുവെച്ചാണ് ജ്യോത്സനയുടെ ആശംസ.
“അന്നത്തെ പോണിടെയിൽ സുന്ദരി മുതൽ ഇന്നത്തെ സൂപ്പർ സുന്ദരി വരെയുള്ള യാത്ര വളരെ അടുത്ത് കണ്ട ഒരാൾ ആണ് ഞാൻ. എത്ര വേദികൾ, എത്ര യാത്രകൾ, എത്ര ഓർമ്മകൾ! എന്നും ഇതു പോലെ ‘കിടുലോസ്കി’ ആയിരിക്കൂ റിമൂ,” എന്നാണ് ജ്യോത്സന കുറിക്കുന്നത്.
“മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്നേഹം. ചിരിച്ചും ചിരിപ്പിച്ചും ചിന്ത ലവലേശമില്ലാത്ത വർത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്! ഇനിയൊന്നും നോക്കണ്ടാ… മുന്നോട്ടും അടിച്ച് പൊളിച്ചങ്ങു പോയേക്ക്,” എന്നാണ് വിധു പ്രതാപിന്റെ ആശംസ.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
Read more: മോഡലിനെ പോലെ തിളങ്ങി റിമി ടോമി; ചിത്രങ്ങൾ