ഗായികയും അവതാരകയുമായ റിമി ടോമി വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമ മേഖലയിലുള്ള ഒരു പ്രമുഖനാണ് റിമിയുടെ വരൻ എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തി റിമി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
“രണ്ടുദിവസമായി ഫോൺവിളികളുടെ ബഹളമാണ്. കല്യാണമായോ റിമി എന്നാണ് എല്ലാവരും ചോദിക്കുന്നത്. അങ്ങനെയൊന്നുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ന്യൂസ് വരുന്നതെന്ന് എനിക്കറിയില്ല. എന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെയാണ് ഓരോരുത്തർ വാർത്ത കൊടുക്കുന്നത്. ആ വാർത്തകൾ ശരിയല്ല. കല്യാണമൊന്നും ആയിട്ടില്ല, ഞാനിങ്ങനെ ജീവിച്ചുപോയ്ക്കോട്ടെ. എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ ഞാൻ തന്നെ നിങ്ങളെ എല്ലാവരെയും അറിയിക്കും, അതുവരെ വിശ്വസിക്കാതിരിക്കുക,” തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ റിമി പറഞ്ഞു.
ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറാണ് റിമി നടത്തിയത്. തന്റെ മേക്കോവറിനു പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.