മോഹൻലാലിന്റെ ‘ഒടിയൻ’ തിയേറ്ററിൽ ആദ്യ വാരം കടക്കുന്നു. കേരളം കാത്തിരുന്ന ആ ചിത്രം ആദ്യ ഘട്ടത്തില്‍ തന്നെ ഏറെ വിവാദങ്ങളിലൂടെയും വിമർശനങ്ങളിലൂടെയുമാണ് കടന്നു പോയത്.  അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ അമിതമായ ഹൈപ്പ് ‘ഒടിയനെ’ തിരിച്ചടിച്ചു എന്നാണ് ആദ്യ വിലയിരുത്തലുകള്‍.  ചിത്രത്തിന് തുടക്കത്തിൽ ഇതെല്ലം നെഗറ്റീവായി ബാധിച്ചെങ്കിലും പിന്നീട് വിവാദങ്ങളെയും സൈബർ ആക്രമണങ്ങളെയുമെല്ലാം അതിജീവിച്ച് ചിത്രം ബോക്സ് ഓഫീസിൽ വിജയത്തിലേക്ക് അടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

 

ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചും കഥയെ കുറിച്ചും ചിത്രത്തിലെ ‘കഞ്ഞി’ ഡയലോഗിനെ കുറിച്ചുമൊക്കെ ആസൂത്രിതമെന്നു തോന്നിക്കുന്ന രീതിയിൽ നടന്ന​ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേര് നായിക മഞ്ജുവാര്യരുടേതായിരുന്നു. സിനിമയ്ക്ക് നേരെ ഉയർന്നു വന്ന വിമർശനങ്ങളുടെയെല്ലാം​ അടിസ്ഥാനം, നായിക മഞ്ജു വാര്യരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും മഞ്ജുവിന്റെ രണ്ടാം വരവിൽ ഏറെ പിന്തുണച്ച സംവിധായകനോടുള്ള ആരുടെയൊക്കെയോ പകപോക്കലുകളുമാണ് എന്ന രീതിയിൽ കൂടുതൽ ചർച്ചകളും നടന്നത്. സിനിമ പുറത്തു വന്ന ദിവസങ്ങളിൽ മഞ്ജു ഇതിനെ കുറിച്ച് പ്രതികരിക്കാതെ മൗനം ഭജിച്ചതും പ്രശ്നങ്ങൾക്ക് ആക്കം കൂട്ടി.

‘ഒടിയന്‍’ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണം നടക്കുന്നുണ്ടെന്നും മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് താൻ കാരണക്കാരനായത് കൊണ്ടാണ് ഇത്തരം ആക്രമണങ്ങളെന്നും ഈ വിഷയത്തിൽ മഞ്ജു വാര്യര്‍ പ്രതികരിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. തുടർന്ന് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.

‘ഒടിയ’നെതിരെയുള്ള ആക്രമണങ്ങൾ പല രീതിയിൽ മഞ്ജുവിനെതിരെ നീണ്ടു വന്നപ്പോഴും സിനിമാ രംഗത്തുനിന്ന് അധികമാരും മഞ്ജുവിനെ പിന്തുണച്ച് മുന്നോട്ട് വന്നിരുന്നില്ല.

“ഈ ആക്രമണങ്ങൾക്കൊന്നും മഞ്ജു വാര്യര്‍ മറുപടി പറയേണ്ടതില്ല,” എന്ന അഭിപ്രായ പ്രകടനവുമായി ഭാഗ്യലക്ഷ്മിയാണ് ആദ്യം മഞ്ജുവിനെ പിന്തുണച്ച് മുന്നോട്ടു വന്നത്. അതിനു പിന്നാലെഇപ്പോൾ റിമ കല്ലിങ്കലും മഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.

“ഈ സിനിമ ഹിറ്റായിരുന്നെങ്കില്‍, ഒരു തരത്തിലും അഭിനേത്രി അതിനു ഉത്തരവാദി ആകുമായിരുന്നില്ല എന്നെനിക്കു ഉറപ്പുണ്ട്.”  ഒടിയനെക്കുറിച്ചുള്ള തന്റെ കുറിപ്പില്‍ റിമ പറയുന്നതിങ്ങനെ.  ‘ഒടിയന്‍’ വേണ്ട വിധത്തില്‍ സ്വീകരിക്കപ്പെടാതിരിക്കുമ്പോൾ മാത്രം അതിന്റെ ഉത്തരവാദിത്തം നായികയുടെ തലയില്‍ വച്ച് കെട്ടുന്നതിനെ പരോക്ഷമായി ചൂണ്ടിക്കാണിക്കുകയാണ് റിമ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook