റിമ കല്ലിങ്കലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പാർവതി. താരത്തിന്റെ പിറന്നാളാണിന്ന്. തന്റെ ഉറ്റ ചങ്ങാതിയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും തമ്മിലുളള സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് റിമ ആശംസകൾ നേർന്നത്.

“നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങള്‍…നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം. താങ്ങാവുന്ന ആ ചുമലുകള്‍. കൂടുതൽ യാത്രകൾ, അനുഭവങ്ങൾ എന്നിവയിൽ നീ സന്തോഷിക്കൂ” ഇതായിരുന്നു റിമ എഴുതിയത്.

2006ൽ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലേക്കെത്തുന്നത്. ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലായിരുന്നു ആദ്യമായി വെളളിത്തിരയിലെത്തിയത്. എന്നാൽ പാർവ്വതി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയായിരുന്നു. അന്യഭാഷയിൽ നിന്ന് അവസരങ്ങൾ തേടിയെത്തിയപ്പോൾ താരം അവിടേക്ക് ചേക്കേറി. തുടർന്ന് 2011ലാണ് പാർവ്വതി വീണ്ടും മലയാളത്തിലെത്തുന്നത്. 2011ൽ ‘സിറ്റി ഓഫ് ഗോഡി’ലൂടെ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിൽ മരതകം എന്ന വ്യത്യസ്‌തവും ശക്തവുമായ വേഷത്തിലാണ് പാർവ്വതിയെത്തിയത്. അതിന് ശേഷം മൂന്ന് വർഷം പാർവ്വതിയെ മലയാളത്തിൽ കണ്ടില്ല. ഈ സമയം തമിഴിൽ വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്‌ത് കൊണ്ട് തന്റെ കഴിവിനെ അടയാളപ്പെടുത്തി.

Read Also: നീ എനിക്കാരാണെന്ന് ഈ ചിത്രങ്ങൾ പറയും; പാർവതിയോട് റിമ

2014ലാണ് പാർവതി മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. അഞ്‌ജലി മേനോൻ ഒരുക്കിയ ‘ബാംഗ്ളൂർ ഡേയ്‌സി’ലെ അജുവിന്റെ സൈറയായി. സൈറയുടെ കൂടെ നടന്നത് അജു മാത്രമായിരുന്നില്ല, സിനിമാ പ്രേക്ഷകർ കൂടിയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർലിയിലെ ടെസയിലൂടെ പാർവതി പ്രേക്ഷകരിലേക്ക് വീണ്ടുമടുത്തു. രണ്ടാം വരവിൽ പാർവ്വതി തൊട്ടതെല്ലാം പൊന്നാക്കി. സെറയും കാഞ്ചനമാലയും ടെസയും സമീറയുമെല്ലാം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി.

‘മുന്നറിയിപ്പ്’, ‘കാർബൺ’ എന്നീ ചിത്രങ്ങൾക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമായ ‘രാച്ചിയമ്മ’യാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പാർവതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാർവതിയുടെ ലുക്കും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook