/indian-express-malayalam/media/media_files/uploads/2019/06/Rima-ted-talk-aamir-kiran.jpg)
ദൈനംദിന ജീവിതത്തിലെ ഏറ്റവും നിസാരമെന്നു കരുതുന്ന ഒരു ഉദാഹരണത്തിലൂടെയാണ് പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് മുന്‍പൊരിക്കല്‍ നടി റിമാ കല്ലിങ്കല്‍ തുറന്നടിച്ചത്. താന്‍ എങ്ങനെയൊരു ഫെമിനിസ്റ്റായി എന്നത് ടെഡ് ടോക്ക് വേദിയില്‍ വച്ച് റിമ പറഞ്ഞത് കുഞ്ഞായിരിക്കുമ്പോള്‍ തനിക്കു നിഷേധിക്കപ്പെട്ട, തന്റെ സഹോദരന്റെ പാത്രത്തിലേക്കു വിളമ്പിയ ഒരു കഷ്ണം മീന്‍ വറുത്തതിലൂടെയാണ്.
തീന്‍ മേശയില്‍ പോലും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാറ്റിനിര്‍ത്തലുകളെക്കുറിച്ചാണ് റിമ പറഞ്ഞതെന്ന് കേട്ടവര്‍ക്കെല്ലാം മനസ്സിലായെങ്കിലും ചര്‍ച്ചകള്‍ പോയത് മറ്റൊരു വഴിക്കായിരുന്നു. പൊരിച്ച മീന്‍ കിട്ടാതെ ഫെമിനിസ്റ്റായ റിമാ കല്ലിങ്കല്‍ എന്നു പരിഹസിച്ച് റിമയ്ക്കെതിരെ ട്രോളുകളുടെ പെരുമഴയായിരുന്നു.
ഇന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഇതേ വിഷയം മറ്റൊരു തരത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംവിധായികയും നിര്‍മ്മാതാവും ബോളിവുഡ് താരം ആമിര്‍ ഖാന്റെ ജീവിത പങ്കാളിയുമായ കിരണ്‍ റാവു. 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെയാണ് കിരണ്‍ വീടുകളില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവേചനത്തെ കുറിച്ചും അതെങ്ങനെ അവസാനിപ്പിക്കാമെന്നതിനെ കുറിച്ചും ലിംഗ സമത്വം വീടുകളില്‍ നിന്നും ആരംഭിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും പറഞ്ഞു വയ്ക്കുന്നത്.
ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജില്‍ പങ്കുവച്ചുകൊണ്ട് ആമിര്‍ ഖാന്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:
'വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു,' ആമിര്‍ പറഞ്ഞു.
റിമ കല്ലിങ്കല്‍, ആഷിഖ് അബു, പാര്‍വ്വതി, നിമിഷ സജയന്‍ തുടങ്ങി നിരവധി പേര്‍ ഈ വീഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പാര്‍വ്വതിയും റിമയും ആഷിഖും ഫിഷ് ഫ്രൈ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.