”ഞാനൊരു പുരുഷ വിരോധി അല്ല. പുരുഷന്മാരാണ് എന്റെ സുഹൃത്തുക്കളധികവും. ഞാൻ ഒരുപാട് പ്രേമിച്ചിട്ടുമുണ്ട്. ഒരു മോറൽ പൊലീസിങ്ങിനെയും പേടിച്ചിട്ടില്ല. ഈ പറയുന്ന മോറൽ പൊലീസുകാരൊക്കെ തിരിഞ്ഞുനിന്ന് അവർക്കു വേണ്ടതൊക്കെ ചെയ്യും. അതുകൊണ്ട് ഗോ…ആൻഡ് ലൗ” ഇതു പറയുന്നത് മലയാള സിനിമയിലെ ബോൾട് ആൻഡ് ബ്യൂട്ടിഫുൾ റിമ കല്ലിങ്കൽ. ഗൃഹലക്ഷ്മി മാഗസിനു നൽകിയ അഭിമുഖത്തിലാണ് സ്വന്തം കാഴ്ചപ്പാടുകളെക്കുറിച്ച് റിമ വ്യക്തമാക്കിയത്.

സിനിമ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് റിമ പറയുന്നത് ഇങ്ങനെ: ”ഞാൻ തീരുമാനിച്ചത് എന്രെ ഹൃദയത്തെ പിന്തുടരാനാണ്. എന്താണോ ഞാൻ ആഗ്രഹിച്ചത് അതു ചെയ്തു. അതിന് ഞാൻ വീട്ടുകാരുമായിട്ട് വഴക്കടിച്ചിട്ടുണ്ട്. സൊസൈറ്റിയുമായി അടികൂടിയിട്ടുണ്ട്. ആരും പറയുന്നത് കേട്ടിട്ടില്ല. ഞാൻ പറയുന്നതു മാത്രമേ കേട്ടിട്ടുളളൂ. ഞാൻ എന്തെങ്കിലും ആയി എന്നു വിചാരിക്കുന്നില്ല. എന്റെ യാത്ര തുടങ്ങിയിട്ടേയുളളൂ.”

സിനിമയിലെ നായക ആധിപത്യത്തെക്കുറിച്ചും റിമ വിവരിച്ചു. ”ഞാൻ ചെയ്യാനിരിക്കുന്ന ഒരു സിനിമയുണ്ട്. അതിൽ നായികയ്ക്കാണ് പ്രാധാന്യം. ‘നായകൻ ആകുമോയെന്ന്’ ഒരു നടനോട് ചോദിച്ചു. അയാൾ പറഞ്ഞു, ‘ഞാൻ നായകന് പ്രാധാന്യമുളള സിനിമയിൽ മാത്രമേ അഭിനയിക്കൂ.’ ആരാണ് ഇങ്ങനെ പറയാത്തത്? കുഞ്ചാക്കോ ബോബൻ മാത്രമാണ് ഒരു അപവാദം. ആ അർഥത്തിൽ ഒരു പ്രതിഭാസമാണ് ചാക്കോച്ചൻ. സ്ക്രിപ്റ്റുമായി സംവിധായകൻ വരുമ്പോ നടിമാർ ചോദിക്കണം, ഇതിൽ എന്താ എനിക്ക് ചെയ്യാനുളളതെന്ന്. ഒരു വിലയുമില്ലാത്ത റോളുകൾ ചെയ്യുന്നതിലും ഭേദം ഒന്നും കിട്ടാതെ വീട്ടിലിരിക്കുന്നതല്ലേ?”

സിനിമയിലെ ‘ആണുങ്ങളോട് കളിച്ചാൽ’ അത് നിങ്ങളുടെ കരിയറിനെ ബാധിക്കില്ലേ എന്നു ചോദിച്ചപ്പോൾ ‘അതിപ്പത്തന്നെ ബാധിച്ചു തുടങ്ങിയല്ലോ’ എന്നായിരുന്നു റിമയുടെ മറുപടി. ”ചിലർക്കൊക്കെ റോൾ നഷ്ടപ്പെടുത്തുന്നുണ്ട്, ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്. അതിനി ഒളിച്ചുവയ്ക്കേണ്ട കാര്യമൊന്നുമില്ല. എളുപ്പമാണ് സ്ത്രീകളെ ഒറ്റപ്പെടുത്താൻ. കുറച്ചു പേരല്ലേ ഉളളൂ”-റിമ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ