അനുരാഗ വിലോചനനായി… ഒരു പത്തു വർഷം മുൻപ് മലയാളികൾ മൂളിക്കൊണ്ട് നടന്നിരുന്ന പാട്ടായിരുന്നു ഇത്. നീലത്താമര എന്ന ചിത്രത്തിനും ഈ പാട്ടിനും മലയാള സിനിമയിൽ ഏറെ സ്ഥാനമുണ്ട്. സംവൃത സുനിൽ, കൈലാഷ്, അർച്ചന കവി, റിമ കല്ലിങ്കൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. ഈ സിനിമയിലെ ഒരു പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് റിമ കല്ലിങ്കൽ ഇന്ന്.

അർച്ചനയും റിമയും സംവൃതയും ഒരു പാടവരമ്പിലൂടെ നടന്നു പോകുന്ന ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. “നമ്മളൊക്കെ കഷ്ടപ്പെട്ട് നടക്കാൻ ശ്രമിക്കുമ്പോൾ ഈ സംവൃത എന്തൊരു മനോഹരമായാണ് കാണപ്പെടുന്നത്,” എന്നാണ് റിമ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര. 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമാണ് ഈ ചിത്രം.

അർച്ചന കവിയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായ കുഞ്ഞിമാളു ആയി എത്തിയത്. ഹരിദാസനായി കൈലാഷും ഷാരത്തെ അമ്മിണിയായി റിമയും രത്നം എന്ന കഥാപാത്രമായി സംവൃത സുനിലും അഭിനയിച്ചു. സുരേഷ് നായർ, അമല പോൾ, ശ്രീദേവി ഉണ്ണി, മാല പാർവ്വതി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ആറാം തമ്പുരാൻ, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ.

തന്റെ ആദ്യ ചിത്രമായ ഋതുവിലെയും ഒരു ത്രോബാക്ക് ഫോട്ടോ റിമ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. ആസിഫ് അലി, ശ്യാമപ്രസാദ്, നിഷാൻ എന്നിവർക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. മൂവരുടേയും ആദ്യ ചിത്രം കൂടിയായിരുന്നു ഋതു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook