‘നീലവെളിച്ചം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടി റിമ കല്ലിങ്കൽ. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യൂ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുക്കഥയായ നീലവെളിച്ചത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രിൽ 20 ന് ‘നീലവെളിച്ചം’ തിയേറ്റുകളിലെത്തും.
പ്രമോഷന്റെ ഭാഗമായി റിമ വിവിധ ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുന്നുണ്ട്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയുടെ വിഷു സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കാനായി റിമ എത്തിയിരുന്നു. പിറന്നാൾ ദിവസം തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു പേടി നിറഞ്ഞ അനുഭവം താരം പങ്കുവച്ചു. റിമയുടെ ഈ വീഡിയോയാണ് ഇപ്പോൾ ഫാൻസ് പേജുകളിലും മറ്റും നിറയുന്നത്. ഭർത്താവും സംവിധാകനുമായ ആഷിഖ് അബു ആണ് ഈ സർപ്രൈസിനു നേതൃത്വം നൽകിയതെന്നും റിമ പറയുന്നു.
“എന്റെ പിറന്നാൾ ദിവസമായിരുന്നു. ഞാനും ആഷിഖും മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. അങ്ങനെ ഞങ്ങളൊരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. റിസോർട്ടിന്റെ പുറത്തിരുന്ന് സംസാരിക്കുന്ന സമയത്ത് ഞാൻ ചിലങ്കയും ശബ്ദം, ആഷിഖിനോട് ശബ്ദം കേട്ടില്ലേയെന്ന് ചോദിച്ചപ്പോൾ അവൻ ഇല്ലെന്നും പറഞ്ഞു. പെട്ടെന്ന് വെള്ള സാരിയും നീണ്ട മുടിയുമുള്ളൊരു രൂപം നീങ്ങുന്നതു കണ്ടു. കുറച്ച് കഴിഞ്ഞ് ആ രൂപം എന്റെയടുത്തേക്ക് ഓടി വന്നു, ഞാൻ അമ്മേ എന്ന് പറഞ്ഞ് അവിടെയിരുന്ന് പോയി. അത് വേറാരുമല്ലായിരുന്നു നടൻ സൗബിൻ ഷാഹീർ ആയിരുന്നു. അങ്ങനെ ഒരു മുപ്പതോളം ആളുകൾ അവിടെ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു” റിമ പറഞ്ഞു.
അതുവരെ പ്രേതമില്ലെന്ന് വിശ്വസിച്ച താൻ ഒരു നിമിഷത്തേയ്ക്ക് അതെല്ലാം സത്യമാണെന്ന് വിചാരിച്ചെന്നും റിമ പറയുന്നു. ഇനി തന്നെ ആർക്കും പേടിപ്പിക്കാൻ പറ്റില്ലെന്നും ഭാർഗവിയായി വന്ന് താൻ എല്ലാവരും പേടിപ്പിക്കുമെന്നും റിമ കൂട്ടിച്ചേർത്തു.
നീലവെളിച്ചം ചിത്രത്തിൽ റിമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഭാർഗവി എന്നത്. ഒപിഎം സിനിമാസ് അവതരിപ്പിക്കുന്ന ചിത്രത്തിലെ റീമേക്ക് ഗാനം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.