കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്ന നടന്മാരെയും അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയവരെയും അപഹസിച്ച സംവിധായകന്‍ രഞ്ജിത്തിന് മറുപടിയുമായി റിമ കല്ലിങ്കല്‍. രഞ്ജിത്തിന്റെ തന്നെ ചിത്രത്തിലെ ഒരു സംഭാഷണശകലം ചൂണ്ടിക്കാട്ടിയാണ് റിമ രഞ്ജിത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്.

ആക്രമണം നടന്നതിന് ശേഷം ധീരമായി പരാതിയുമായി മുന്നോട്ട് വന്ന നടിയ്ക്കും, ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്ന് പിന്മാറിയ വൈക്കം വിജയലക്ഷ്മിക്കും കിട്ടിയ പിന്തുണ പൃഥ്വിരാജിന് കിട്ടിയ പിന്തുണയോളം വന്നില്ല. എന്നാല്‍ പൃഥ്വിയുടെ നിലപാട് വലിയ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകള്‍ക്ക് മുകളില്‍ സമഗ്രാധിപത്യമുണ്ടെന്ന തരത്തില്‍ വളര്‍ത്തപ്പെടുന്ന പുരുഷന്മാരുള്ള സമൂഹത്തില്‍ പൃഥ്വിക്ക് അതിനപ്പുറം കാണാനായത് പ്രശംസിക്കപ്പെടേണ്ടതാണെന്നും റിമ കുറിച്ചു.

‘അറിവിന്റെ ഗിരിനിരകള്‍ കീഴടക്കുമ്പൊഴും ഒരുവന്റെയുള്ളില്‍ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്?. അതിന്റെ അര്‍ഥമറിയുക എന്നതാണ് ഓരോ മനുഷ്യന്റേയും ജീവിതലക്ഷ്യം’ എന്ന സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമയിലെ സംഭാഷണവും റിമ ഓര്‍മ്മിപ്പിച്ചു. ഇതിന്റെ ഔരു തലം സ്ത്രീത്വത്തെ മനസിലാക്കുകയും അറിയുകയും ചെയ്യുകയാണെന്നും റിമ പറഞ്ഞു.

മാതൃഭൂമി പത്രത്തിലെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും എന്ന കോളത്തിലൂടെ രഞ്ജിത്ത് നടത്തിയ അഭിപ്രായപ്രകടനവും റിമ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മാതൃഭൂമി പത്രത്തില്‍ ‘സുഹൃത്തിന് കരുത്തും സിനിമയ്ക്ക് തിരുത്തുമായി പൃഥ്വിരാജിന്റെ മാപ്പ്’ എന്ന തലക്കെട്ടില്‍ പ്രേംചന്ദ് എഴുതിയ ലേഖനത്തിനു മറുപടിയെന്നോണമാണ് രഞ്ജിതിന്റെ കുറിപ്പു വന്നത്.

തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ താന്‍ തിരുത്തിയെഴുതാമെന്നു പറഞ്ഞ രഞ്ജിത് ലേഖകന്റെ ഭാര്യാ പിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ആര് മാറ്റിയെഴുതുമെന്നും ചോദിക്കുന്നു.

‘ലേഖനകര്‍ത്താവിന്റെ ഭാര്യ പിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു.’ രഞ്ജിത് കുറിക്കുന്നു.

ലേഖനത്തില്‍ രഞ്ജിത്തിന്റെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം ചിത്രത്തിന്റെ പേരും മറ്റു വിശദാംശങ്ങളും പറയാതെ പ്രേംചന്ദ് ചൂണ്ടിക്കാട്ടിയിരുന്നു. ”കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ’ എന്ന സ്പിരിറ്റിലെ ഡയലോഗ് ‘ഈ നിമിഷം ഭവതിയോടു തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു.’ എന്ന രീതിയില്‍ മാറ്റിയെഴുതുന്നു.’ രഞ്ജിത് കുറിപ്പില്‍ പറയുന്നു. ഇതു ചെയ്യുകവഴി സ്ത്രീവിരുദ്ധതയില്‍ നിന്ന് താനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു എന്നും രഞ്ജിത്ത് പ്രഖ്യാപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook