ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളെ അനശ്വരമാക്കിയ റിമ കല്ലിങ്കലിന് മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള വനിത ഫിലിം അവാര്‍ഡ് നല്‍കിയത് ലിനിയുടെ ഭര്‍ത്താവ് സജീഷ്. സജീഷും മകനും ഒന്നിച്ചെത്തിയാണ് റിമയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. സദസ് ഒന്നിച്ച് എഴുന്നേറ്റ് നിന്ന് കൈയടിച്ച നിമിഷം കൂടിയായിരുന്നു അത്.
സമകാലിക കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തിനായി ഒരു ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തെക്കുറിച്ചുമായിരുന്നു ‘വൈറസ്’ എന്ന ചിത്രം.
നിപ്പ ജീവനെടുത്തവരില്‍ ഒരാളാണ് സിസ്റ്റര്‍ ലിനി. ലിനിയായി വേഷമിട്ടത് നടിയും ആഷിഖ് അബുവിന്റെ ഭാര്യയും ആയ റിമ കല്ലിങ്കലായിരുന്നു. തന്റെ സുരക്ഷ കണക്കിലെടുക്കാതെ നിപ്പാ രോഗികളെ ചികിത്സിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയെ ലോകം മുഴുവന്‍ വാഴ്ത്തിയിരുന്നു. പറക്കമുറ്റാത്ത രണ്ടുകുരുന്നുകളെയും ജീവനോളം സ്നേഹിച്ച ഭര്‍ത്താവിനെയും അവസാനനിമിഷം ഒരുനോക്കുപോലും കാണാനാവാതെയാണ് ലിനി മരണത്തിന് കീഴടങ്ങിയത്.
Read More: ‘റിമാ, നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ കണ്ടു’; വൈറസിന് റിവ്യു എഴുതി ‘ലിനിയുടെ സ്വന്തം സജീഷ്’
‘സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല… സോറി… പാവം കുഞ്ഞു, ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടു പോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്… വിത്ത് ലോട്‌സ് ഓഫ് ലവ്..ഉമ്മ…’ നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനു മുന്‍പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് ഭര്‍ത്താവിനെഴുതിയ കത്താണിത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷ് എത്തുമ്പോള്‍ കാണാന്‍ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.
ചിത്രം കണ്ട് ഏറെ വൈകാരികമായ കുറിപ്പായിരുന്നു സജീഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
‘സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു,’ സജീഷ് തന്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.