/indian-express-malayalam/media/media_files/uploads/2018/03/Rima.jpg)
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തതമാത്രമല്ല, തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്നു പറയാനുളള ചങ്കൂറ്റം കൂടിയാണ് നടി റിമാ കല്ലിങ്കലിനെ വ്യത്യസ്തയാക്കുന്നത്. അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയവഴി നിരവധി ആക്രമണങ്ങള്‍ക്കും റിമ വിധേയയായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ പിന്തിരിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് താരം.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായതോടെ തനിക്കും കൂട്ടായ്മയിലെ മറ്റ് അംഗങ്ങള്‍ക്കും നിരവധി ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് റിമ.
'സ്ത്രീകള്‍ സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് വല്ലാത്ത ബുദ്ധിമുട്ടാണ്. ഞങ്ങളുടെ കൂട്ടുകാരി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു നിലപാടെടുക്കുക എന്നതല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു മുമ്പില്‍ ഇല്ലായിരുന്നു. തലയുയയര്‍ത്തി നില്‍ക്കാനും പ്രതികരിക്കാനും, അവള്‍ക്കും, മറ്റ് സ്ത്രീകള്‍ക്കും കൊടുക്കേണ്ടിരുന്ന ഒരു ഉറപ്പായിരുന്നു അത്. അവള്‍ ശരിക്കും ഒരു പോരാളിയാണ്. ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നതോടെ അവളുടെ ജീവിതം അവസാനിച്ചു എന്നു വിശ്വസിക്കാനാണ് നമ്മളൊക്കെ പഠിച്ചിരിക്കുന്നത്. പക്ഷെ അത് തെറ്റാണ്. ഇതിന്റെ പേരില്‍ ഞങ്ങളൊക്കെ വലിയ വില കൊടുക്കേണ്ടി വന്നു. സിനിമാ മേഖലയില്‍ നിന്നു തന്നെ ഒഴിവാക്കി കളയും എന്ന തുറന്ന ഭീഷണികള്‍ വരെ ഞങ്ങള്‍ക്കു ലഭിച്ചു. നവമാധ്യമങ്ങളില്‍ ഞങ്ങള്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ടു. പക്ഷെ അതൊന്നും ഞങ്ങളെ പിന്തിരപ്പിക്കില്ല. സ്ത്രീവിരുദ്ധത, പുരുഷാധിപത്യം, കാസ്റ്റിംഗ് കൗച്ച് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ സിനിമയില്‍ ഉണ്ട്. അതിനെക്കുറിച്ചു സ്ത്രീകള്‍ തുറന്നു പറഞ്ഞു തുടങ്ങി. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള ഒരു മാധ്യമമാണ് സിനിമ. അപ്പോള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. എല്ലാ മനുഷ്യരേയും പോലെ സമത്വത്തോടെ തങ്ങളേയും അംഗീകരിക്കണം എന്നു സത്രീകളും തിരിച്ചറിയണം,' റിറ്റ്‌സ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി.
അഭിമുഖത്തിൽ, താന്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നും റിമ തുറന്നു പറഞ്ഞു.
'ഗെയിം ചെയ്ഞ്ചറായിരിക്കണം കഥാപാത്രം. ഓരോ കഥാപാത്രത്തിലൂടേയും പ്രേക്ഷകരെ ഞെട്ടിക്കാന്‍ കഴിയണം. അവര്‍ സിനിമയില്‍ മുഴുകിയിരിക്കണം. ഓരോ സീനിനോടും പ്രതികരിക്കുകയും അവരുടെ വികാരത്തെ സ്പര്‍ശിക്കുകയും ചെയ്യണം. തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. എല്ലാ തരത്തിലുള്ള വികാരങ്ങളേയും കഥാപാത്രങ്ങളേയും സിനിമ പ്രതിഫലിപ്പിക്കുന്നുണ്ട്.' റിമ പറയുന്നു.
'സ്ഥിരം നാല് പാട്ട്, നാല് സീന്‍ റോളുകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. റോളല്ല സ്‌റ്റോറിയായിരിക്കണം വലുത്. കോമഡി റേളുകള്‍ ചെയ്തപ്പോള്‍ അതൊരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷെ എല്ലാവരും അത് ആ രീതിയില്‍ എടുത്തില്ല.' താരം വ്യക്തമാക്കുന്നു.
എന്നാല്‍ പതിയെ താന്‍ സ്റ്റീരിയോടെപ്പായി മാറിയെന്നും അത് തകര്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അടുത്ത ചിത്രമായ ആഭാസത്തിലൂടെ അതാണ് ചെയ്യുന്നതുമെന്നും റിമ കൂട്ടിച്ചേര്‍ത്തു. ആഭാസത്തില്‍ 30 കഥാപാത്രങ്ങളുണ്ടെന്നും അവര്‍ക്കെല്ലാം സിനിമയുടെ കഥയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കലാകാരിയെന്ന നിലയില്‍ കഥാപാത്രമായി മാറുന്ന പ്രക്രിയ താന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും ആളുകളെ സ്പര്‍ശിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റിമ പറയുന്നു. സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം, സിനിമയില്‍ 90 ശതമാനവും പുരുഷന്മാരാണെന്നും അതുകൊണ്ടു തന്നെ സ്ത്രീകളുടെ വികാരത്തേയും സംഘര്‍ഷങ്ങളേയും അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റിമ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us